തെരുവുകളെ ആവേശഭരിതമാക്കി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വം നൽകുന്ന കലാജാഥയുടെ രണ്ടാം ദിനം വിവിധ പ്രദേശങ്ങളിലൂടെ പര്യടനം തുടരുന്നു. വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് എഐവൈഎഫ് യുവകലാ ജാഥ സംഘടിപ്പിച്ചത്. ചെറുകോട്, വണ്ടൂർ, അരീക്കോട്, എടവണ്ണ, മുക്കം,ഈങ്ങാപ്പുഴ എന്നിവടങ്ങളിലൂടെയാണ് കലാജാഥയുടെ ഇന്നത്തെ പര്യടനം.

കൃത്യമായ രാഷ്ട്രീയ നിലപാട് അറിയിച്ചു കൊണ്ടാണ് എഐവൈഎഫിന്റെ കലാ ജാഥ ഓരോ പ്രദേശങ്ങളിലൂടെയും കടന്ന് പോകുന്നത്. വിപ്ലവ ഗാനങ്ങളും സമര ഗീതങ്ങളും നാടൻ പാട്ടുകളും കലാജാഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രാജ്യം നേരിടുന്ന ഗുരുതരമായ രാഷ്ട്രീയ വെല്ലുവിളികളെയും ജാഥയിൽ അഭിസംബോധന ചെയ്യുന്നുണ്ട്. മോദിയുടെ വിദേശ യാത്ര പര്യടനവും ജാഥയിൽ പരാമർശിക്കുന്നുണ്ട്. ആനൂകാലിക രാഷ്ട്രീയ പ്രശ്നങ്ങളെ ഹാസ്യ രൂപേണ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുകയാണ് ജാഥ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തിലൂടെ റോബട്ട് വദ്രയുടെ കടന്ന് വരവും പരാമർശനം നടത്തുന്നുണ്ട്.ഒരേ സമയം കാണികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതാണ് കലാജാഥ.

പ്രശാന്ത് തൃക്കളത്തൂർ സംവിധാനം ചെയ്ത പ്രതിധ്വനി നാടകവും ചാക്യർ കൂത്തുമാണ് തെരുവുകളിൽ അവതരിപ്പിക്കുന്നത്. അൻഷുൽ പാനായിക്കുളം, സനു മുപ്പത്തടം, ജോഷി പയ്യന്നൂർ, ജിനു പയ്യന്നൂർ,നിതിൻ ആലപ്പുഴ എന്നിവരാണ് നാടകത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സുനിൽ വയലാറാണ് ചാക്യാരായി വേഷമിടുന്നത്. യുവകലാ ജാഥയുടെ ഉദ്ഘാടനം നിലമ്പൂർ ആയിഷ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു.