Friday, November 22, 2024
spot_imgspot_img
HomeKeralaഅവയവദാന തട്ടിപ്പ്; സമ​ഗ്രമായ അന്വേഷണം വേണം, ലേക്ക് ഷോർ ആശുപത്രിയിലേക്ക് എഐവൈഎഫ് മാർച്ച്

അവയവദാന തട്ടിപ്പ്; സമ​ഗ്രമായ അന്വേഷണം വേണം, ലേക്ക് ഷോർ ആശുപത്രിയിലേക്ക് എഐവൈഎഫ് മാർച്ച്

കൊച്ചി: അവയവദാനം തട്ടിപ്പിൽ സമ​ഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിലേക്ക് എഐവൈഎഫ് മാർച്ച് സംഘടിപ്പിക്കും. ​ജൂൺ 20 ന് രാവിലെ 10.00 മണിക്ക് നടത്തുന്ന മാർച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്യും.

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസെടുത്തതിനു പിന്നാലെ ആശുപത്രിക്കെതിരെ എഐവൈഎഫ് രം​ഗത്ത് വന്നിരുന്നു. ലേക് ഷോർ ആശുപത്രിയിൽ 2009ൽ നടന്ന അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് എഐവൈഎഫ് അഭിപ്രായപ്പെട്ടു. അപകടത്തിൽ പെട്ട യുവാവിന്റെ ജീവൻ രക്ഷിക്കാതെ മനപ്പൂർവം മരണത്തിനു വിട്ടുകൊടുക്കുകയാണ് ആശുപത്രി അധികൃതർ ചെയ്തതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അവയവ ബിസിനസിനു വേണ്ടിയുള്ള അങ്ങേയറ്റം മനുഷ്യത്വ രഹിതമായ നടപടിയാണ് ആശുപത്രിയിൽ നിന്ന് ഉണ്ടായത്.

അവയവ മാഫിയയുമായി ബന്ധപ്പെട്ട് കൊലപാതകമുൾപ്പെടെ സങ്കീർണ്ണമായ പല വാർത്തകളും അയൽ സംസ്ഥാനങ്ങളിൽ നടന്നതായി കേട്ടിട്ടുണ്ട്. എന്നാൽ കേരളത്തിലും അത്തരമൊരു സംഭവം നടന്നോ എന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എഐവൈഎഫ് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണം. നിയമം അനുസരിച്ചാണോ ആശുപത്രികൾ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിതമാണ്. മനുഷ്യ ജീവൻ വെച്ച് പന്താടാൻ അവയവ മാഫിയയെ അനുവദിക്കരുതെന്നും എഐവൈഎഫ് ആവശ്യപ്പെട്ടിരുന്നു.

അത്യന്തം ആപത്കരമായ അവയവ മാഫിയാ സംഘങ്ങളുടെ പ്രവർത്തികൾ കേരളത്തിലും നടന്നെന്ന വിവരങ്ങൾ പുറത്തു വരുന്ന സാഹചര്യത്തിൽ അടിയന്തിര അന്വേഷണം നടത്തി കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.

2009 നവംബർ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്. ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന 18 കാരൻ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിൻറെ അവയവങ്ങൾ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് കോടതി സമൻസ് അയച്ചിട്ടുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares