വീണ്ടെടുക്കാം മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എഐവൈഎഫ് 14 ജില്ലാ കേന്ദ്രങ്ങളിലും സേവ് ഇന്ത്യ അസംബ്ലി സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
രാജ്യത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കുകയും വർഗീയ കലാപങ്ങൾക്ക് അറുതി വരുത്തേണ്ടതുമുണ്ട്. ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മണിപ്പൂരിലും ഹരിയാനയിലും വർഗീയ കലാപങ്ങൾ സൃഷ്ടിക്കുകയായിരുന്നു. സംഘപരിവാറിന്റെ വർഗീയ ലക്ഷ്യങ്ങളെ യുവ സമൂഹം ഒന്നായി ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് എഐവൈഎഫ് കൂട്ടിച്ചേർത്തു. ലോകസഭ തെരഞ്ഞെപ്പ് അടുത്ത് വരുന്നതിനാൽ ബിജെപി രാജ്യത്ത് കൂടുതൽ വർഗീയ പ്രചാരണങ്ങൾ അഴിച്ചു വിടും. ജനാധിപത്യ സമൂഹം കൂടുതൽ ജാഗ്രത പാലിക്കണം.
അതേസമയം, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് എതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ് എഐവൈഎഫ് ചൂണ്ടിക്കാട്ടി. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് അവാർഡിൽ നിന്ന് ഒഴിവാക്കാനായി പദവി ദുരുപയോഗം ചെയ്തു രഞ്ജിത്ത് ശ്രമിച്ചു എന്നത് അത്യന്തം പ്രതിഷേധാർഹമാണ്. ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന രഞ്ജിത്ത് സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കാൻ വേണ്ടി അക്കാദമിയെ ദുരുപയോഗം ചെയ്യുകയാണ്.
ജനാധിപത്യ ബോധവും കലാപരമായ മികവുമാണ് ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് വേണ്ടത്. അല്ലാതെ മാടമ്പിത്തരമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെങ്കിൽ എഐവൈഎഫിന് അത് ചോദ്യം ചെയ്യേണ്ടിവരുമന്നും പത്രസമ്മേളനത്തിൽ അറിയിച്ചു.