തിരുവനന്തപുരം: മതനിരപേക്ഷ ഇന്ത്യയ്ക്കായി ഒരുമിക്കാം തൊഴിലിന് വേണ്ടി പോരാടാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മതേതര സംഗമത്തിൽ പതിനായിരങ്ങൾ അണി ചേർന്നു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു സംസ്ഥാന വ്യാപകമായി മതേതര സംഗമം സംഘടിപ്പിച്ചത്.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മതേതര സംഗമം എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ രാമൻ ഉദ്ഘാടനം ചെയ്തു. തൃശൂരിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനും പാലക്കാട് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എംപിയും പരിപാടി ഉദ്ഘാടനം ചെയ്തു.സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു കോട്ടയത്തും കൃഷിമന്ത്രി പി പ്രസാദ് പത്തനംതിട്ടയിലും ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് സിപിഐ ദേശീയ എക്‌സി: അംഗം കെ ഇ ഇസ്മയിൽ, എറണാകുളത്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജനും ആലപ്പുഴയിൽ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രനും മലപ്പുറത്ത് പി സന്തോഷ്‌കുമാർ എംപിയും പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂരിൽ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം ജില്ലയിൽ മതേതരസംഗമം സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം നിർവഹിച്ചു.