ചുനക്കര: എഐവൈഎഫ് ചുനക്കര മേഖലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍. ജനാര്‍ദ്ദനന്‍ പിള്ള സ്മാരക അഖില കേരള ഏകാങ്ക നാടക മത്സരം ഡിസംബര്‍ 23, 24 തീയതികളില്‍ ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തില്‍ നടത്തുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന നാടക മത്സരത്തിന്റെ ഉദ്ഘാടനം പ്രസിദ്ധ നാടകകൃത്തും സംവിധായകനുമായ എം.ആര്‍.സി. നായര്‍ നിര്‍വ്വഹിക്കും. നാളെ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാര്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ആദ്യ ‘മനുഷ്യ പക്ഷം’ അവാര്‍ഡ് ബെന്നി ജോര്‍ജിന് സമ്മാനിക്കും.
പ്രദേശത്തെ ആദ്യ കാല സംഗീത – നാടക പ്രതിഭകളെ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ജലോസ് ആദരിക്കും. ‘ചാരുംമൂടിന്റെ സര്‍ഗ്ഗാത്മക ചരിത്രം’ സുവനീര്‍ പ്രകാശനം വിപ്ലവ ഗായിക പി.കെ. മേദിനി നിര്‍വ്വഹിക്കും. നാടക മത്സര വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും പ്രശംസാ പത്രവും എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ സമ്മാനിക്കും.