അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് പങ്കെടുക്കണോ വേണ്ടയോ എന്ന കോൺഗ്രസ് പാർട്ടിക്കുളളിലെ ആശയക്കുഴപ്പം ജനാധിപത്യ മതേതര പാർട്ടി എന്ന നിലയിൽ നിന്ന് ഒരു വർഗീയ സംഘടനയെന്ന തലത്തിലേക്ക് തരം താഴുന്ന കോൺഗ്രസ് പാർട്ടിയുടെ ഉദാഹരണമാണെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. സംഘപരിവാറിനേക്കാൾ വലിയ ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തി പിടിച്ചാൽ മാത്രമേ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുകയുള്ളു എന്ന ഉത്തരേന്ത്യൻ കോൺഗ്രസ് ചിന്ത അപകടകരമാണ്. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് ഉയർത്തി പിടിക്കേണ്ടത് മതേതര ജനാധിപത്യ മൂല്യങ്ങളാണെന്ന് എഐവൈഎഫ് വ്യക്തമാക്കി.
പ്രതിപക്ഷ പാർട്ടി ഐക്യമായ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് വ്യക്തമാക്കി ഇതിനോടകം രംഗത്തെത്തി. എന്നാൽ കോൺഗ്രസിന്റെ രണ്ട് വള്ളത്തിൽ ചവിട്ടിയുള്ള നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് ഈ വിഷയത്തിൽ ആദ്യമായിട്ട് കൃത്യമായും വ്യക്തമായും അഭിപ്രായം തുറന്നു പറഞ്ഞത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കൊണ്ടുള്ള ആർഎസ്എസിന്റെയും ബിജെപിയുടെയും തെരഞ്ഞെടുപ്പിന്റെ പ്രധാന ആയുധമാണ് രാമക്ഷേത്രമെന്ന ധാരണ കോൺഗ്രസിനുണ്ടാവണെമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.
പക്വമായിട്ടുളള തീരുമാനങ്ങളാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. മതേതരത്വ ചേരിയെ സംരക്ഷിക്കാൻ വേണ്ടി രൂപംകൊണ്ട ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.