തിരുവനന്തരുരം: പെരിയാറിലെ മത്സ്യ കുരുതിയെ സംബന്ധിച്ച് കുഫോസിന്റെയും ഫിഷറീസ് വകുപ്പിന്റെയും റിപ്പോർട്ടുകളെ മുഖ വിലക്കെടുക്കാതെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് മാത്രം ആധികാരിക രേഖയായി കണക്കാക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്ന് എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും സംയുക്തമായി പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് സർക്കാരിനെതിരായ വിമർശനനുണ്ടായിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാടുകളെ അപ്പാടെ വിശ്വസിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രതികരണത്തിനെതിരായാണ് എഐവൈഎഫ് രംഗത്തെത്തിയത്.
കുഫോസിന്റെ പഠന റിപ്പോർട്ടിൽ പെരിയാറിൽ അമോണിയയും സൾഫൈഡും അപകടകരമായ രീതിയിൽ നില നിൽക്കുന്നുവെന്നും വെള്ളത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരിക്കുന്നുവെന്നും വെളിപ്പെടുത്തുന്നുണ്ട്. രാസമലിനജലത്തിലൂടെ മെർക്കുറി, സിങ്ക്, ക്രോമിയം, കോപ്പർ അടങ്ങിയ ഘനലോഹങ്ങൾ ടൺ കണക്കിന് പുഴയുടെ വൃഷ്ടിപ്രദേശത്ത് അടിഞ്ഞു കൂടുകയും കുടി വെള്ളത്തിലും മത്സ്യത്തിലുമടക്കം രാസവിഷമാലിന്യത്തിന്റെ സാന്നിധ്യം അപകടകരമായ അളവിൽ നില നിൽക്കുകയും ചെയ്യുകയാണെന്ന് എഐവൈഎഫ് വ്യക്തമാക്കി.
എന്നാൽ പെരിയാറിലെ മത്സ്യക്കുരുതിയിൽ രാസമാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാടുകളെ ആധികാരികമായി കണ്ടു കൊണ്ടുള്ള പ്രതികരണമാണ് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയിരിക്കുന്നത്.
പെരിയാറിലെ ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗിക്കുന്ന പതിനായിരങ്ങളുടെ ജീവന് വരെ ഭീഷണിയാകുന്ന അത്യന്തം ആശങ്കാജനകമായ സാഹചര്യം നിലനിൽക്കെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളിക്കളയണമെന്നും രാസ മാലിന്യങ്ങൾ പെരിയാറിലേക്ക് ഒഴുക്കുന്നു എന്ന പരാതി ഒരു ജുഡീഷ്യൽ കമ്മീഷനെ കൊണ്ട് അന്വേഷിപ്പിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.