തൃശ്ശൂർ: കെ സ്വിഫ്റ്റിന്റെ മറവിലുള്ള കരാർ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ കെഎസ്ആർടിസി ഡിപ്പോകൾ അടച്ചു പൂട്ടാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും പൊതുഗതാഗതം സംരക്ഷിക്കണമെന്നും എഐവൈഎഫ് അറിയിച്ചു.
റാങ്ക് ലിസ്റ്റുകൾ പലതും അവസാനിക്കാനിരിക്കെ നിയമനങ്ങൾ ത്വരിതപ്പെടുത്തണമെന്നും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും എഐവൈഎഫ് കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്ത് ഉയർന്നുവരുന്ന വർഗ്ഗീയതക്കും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് സംസ്ഥാനത്ത് രണ്ട് മേഖലാ കാൽനട ജാഥകൾ സംഘടിപ്പിക്കുന്നതെന്ന് എഐവൈഎഫ് പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മെയ് 15 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മെയ് 17 കാസർകോട് നിന്നും പര്യേടനം തുടങ്ങുന്ന വടക്കൻ മേഖല ജാഥ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വവും ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ തെക്കൻ മേഖല ജാഥയും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ വടക്കൻ മേഖല ജാഥയും നയിക്കും. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നു പോകുന്ന കാൽനട ജാഥ മെയ് 28 ന് തൃശ്ശൂരിൽ കാൽ ലക്ഷം ഫാസിസ്റ്റ് വിരുദ്ധരുടെ സംഗമത്തോടെ അവസാനിക്കും. സേവ് ഇന്ത്യ മാർച്ചിന്റെ സമാപന സമ്മേളനത്തിൽ ദേശീയതലത്തിലെയും സംസ്ഥാനതലത്തിലെയും പ്രമുഖരായ ഫാസിസ്റ്റ് വിരുദ്ധ പോരാളികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കാളികളാവും.
തൊഴിലില്ലായ്മയ്ക്കെതിരെ സമരം ചെയ്ത എഐവൈഎഫ് ദേശീയ സെക്രട്ടറി റോഷൻ കുമാർ സിൻഹയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതൃനിരയെ ഒന്നാകെ ഫാസിസ്റ്റ് ശൈലിയിൽ ഉന്മൂലനം ചെയ്യാനാണ് ബിജെപി-സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരായും രാജ്യത്തെ തൊഴിൽ ഇല്ലായ്മയ്ക്കും വർഗ്ഗീയതയ്ക്കെതിരെ രാജ്യത്തൊട്ടാകെ എഐവൈഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് കാൽനട ജാഥകൾ നടത്തുന്നത്. രണ്ട് ജാഥകളിലുമായി ആയിരത്തോളം പ്രവർത്തകർ സ്ഥിരാംഗങ്ങളായി പങ്കെടുക്കുമെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കേരള പൊലീസിലെ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് പറഞ്ഞു. നീതിനിർവഹണത്തിനു ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ നീതി നിഷേധത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെ ലംഘകരായി മറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് .ഇത്തരം സംഭവങ്ങൾ പൊലീസ് സേനയ്ക്ക് തന്നെ അപമാനം ഉണ്ടാക്കുന്നതാണെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊലീസ് നയം സംരക്ഷിക്കണമെന്നും എഐവൈഎഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.