തിരുവല്ല: രാമഞ്ചിറ ബൈപാസിലെ കെട്ടിക്കിടക്കുന്ന ഓടമാലിന്യങ്ങളും, മലിനജലവും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്. നാട്ടുകാർക്ക് ദുരിതമായി മാറിക്കൊണ്ടിരിക്കുന്ന മലനജലപ്രശ്നത്തിൽ നഗരസഭയുടെ അലംഭാവം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് എഐവൈഎഫ് രംഗത്തെത്തിയത്. ഓടയിലെ ബ്ലോക്ക് കാരണം ഒഴുകാൻ ഇടമില്ലാതെ കറുത്തനിറത്തിൽ ദുർഗന്ധം വമിക്കുന്ന മലിനജലം പരിസരവാസികൾക്കും യാത്രികർക്കും ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ബൈപാസ്സിന് വടക്കു വശത്തുള്ള ചതുപ്പിൽ നിറയെ മലിനജലം ഓടയിൽ നിന്നും കവിഞ്ഞ് തളംക്കെട്ടിക്കിടക്കുകയാണ്. വേനൽ മഴ ശക്തമായാൽ ഓടയിലെ മലിനജലവും മാലിന്യങ്ങളും റോഡിലേക്ക് കവിഞ്ഞൊഴുകാൻ സാധ്യതയേറെയാണ്. ഇത് പലരിലും ആരോഗ്യ പ്രശ്നങ്ങളുൾപ്പടെ ഉണ്ടാക്കുന്നതിനു കാരണമാവും.
ഓടമാലിന്യങ്ങളും, മലിനജലവും ഒഴുക്കിക്കളയാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം എന്ന് എഐവൈഎഫ് തിരുവല്ല ടൗൺ മേഖലകമ്മറ്റി ആവശ്യപ്പെട്ടു. തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനുജോർജിന് നിവേദനം നൽകി. എഐവൈഎഫ് തിരുവല്ല ടൗൺമേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ , ജോയിൻ സെക്രട്ടറി ലിജുവർഗീസ് , പ്രസിഡന്റ് ശ്രീവൽസ് തമ്പി ,വൈസ് പ്രസിഡന്റ് ശിവപ്രസാദ് നായർ , കമ്മിറ്റി അംഗങ്ങളായ സാലു ജോൺ,ബിൻസൺ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.