മലപ്പുറം: പൂക്കോട്ടുംപാടത്ത് വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനെതിരെ മുൻകരുതൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്. വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം ദിനംപ്രതി പ്രദേശത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസിനും അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും പൂക്കോട്ടുംപാടം ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾക്കും എഐവൈഎഫ് നിവേദനം നൽകിയത്. ഇനിയും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ലെങ്കിൽ ഉന്നതധികാരികൾക്കും ബാലവകാശ കമ്മീഷനും പരാതി നൽകുമെന്നും എഐവൈഎഫ് ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം രാജീവ് പെരുമ്പ്രാൽ, മേഖലാ പ്രസിഡന്റ് ഷിജില, ഭാരവാഹികളായ മുത്തലിബ്,ജിനു രാജ്,ഹരി,ശ്രീജിത്ത് അർജുൻ, എന്നിവരുടെ നേതൃത്വംത്തിലാണ് ഉന്നത അധികാരികൾക്ക് നിവേദനം കൈമാറിയത്.
അമരമ്പലം പഞ്ചായത്തിൽ പൂക്കോട്ടുംപാടം ടൗൺ കേന്ദ്രീകരിച്ച് രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഹയർസെക്കൻണ്ടറി സ്കൂളും ആയിരത്തിനടുത്ത് കുട്ടികൾ പഠിക്കുന്ന രണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഒരു ഗവൺമെന്റ് കോളേജും ആറോളം പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവുമായി ഏകദേശം 3. 45 മുതൽ 5 മണി വരെ രണ്ടായിരത്തിലധികം കുട്ടികൾ പൂക്കോട്ടുംപാടം അങ്ങാടിയിലൂടെ സഞ്ചരിക്കുകയും പ്രൈവറ്റ് ബസ് സൗകര്യം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ഒരു മാസമായി പത്തിൽ കൂടുതൽ വിദ്യാർത്ഥി സംഘർഷങ്ങളാണ് പൂക്കോട്ടുംപാടം അങ്ങാടിയിൽ നടന്നിട്ടുള്ളത്. ഒന്നിൽ കൂടുതൽ തവണ പഞ്ചായത്ത് അധികൃതരും ഓട്ടോ തൊഴിലാളികളും ഇതിൽ ഇടപെടുകയും കുട്ടികളെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല ചില ദിവസങ്ങളിൽ പൊലീസ് തന്നെ നേരിട്ടെത്തി കുട്ടികളെ വീട്ടിൽ പറഞ്ഞയച്ചിട്ടുണ്ട്. പല കേസുകളും സ്കൂൾ അധികൃതരും പൊലീസും ചേർന്ന് ഒത്തുതീർപ്പാക്കി വിടുകയും ചെയ്തിട്ടുണ്ട്.
പലതവണ ഇത്തരത്തിലുള്ള കേസുകൾ അരങ്ങേറിയിട്ടും പഞ്ചായത്തിന്റെയും പൊലീസിന്റെയും സ്കൂൾ അധികൃതരുടെയും ഭാഗത്തുനിന്ന് കുട്ടികളെ നിയന്ത്രിക്കുന്നതിന് കാര്യക്ഷമമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടായതിനുശേഷം ഇടപെടുന്ന രീതി നിർത്തി മുൻകൂട്ടി കാര്യങ്ങൾ മനസ്സിലാക്കി വിദ്യാർത്ഥി സംഘർഷങ്ങൾ തടയാൻ നടപടി ഉണ്ടാവണമെന്നും സ്ഥിരമായി സ്കൂളിലേക്ക് കുട്ടികൾ പോകുന്ന സമയത്തും സ്കൂൾ വിടുന്ന സമയത്തും ചുള്ളിയോട് റോഡിലും പൂക്കോട്ടുംപാടം ടൗണിലുമായി ഇത്തരം സംഘർഷങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ പൊലീസ് സംവിധാനങ്ങൾ സജ്ജമാക്കണമെന്നും നടപടി ഉണ്ടാകണമെന്നും എല്ലാ കുട്ടികളുടെയും ജീവനും ഭാവിക്കും വേണ്ടത്ര കരുതൽ നൽകണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് അമരമ്പലം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.