ഭരണ ഘടന ശില്പി ബി ആർ അംബേദ്കറെ പാർലമെന്റിൽ അധിക്ഷേപിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. അംബേദ്‌കർ എന്ന് പറയുന്നത് ഇന്ന് ചിലർക്ക് ഒരു ഫാഷനായി മാറിയെന്നും പകരം ദൈവത്തെ വിളിച്ചിരുന്നെങ്കിൽ സ്വർഗമെങ്കിലും കിട്ടുമെന്നുമായിരുന്നു രാജ്യസഭയിൽ ചൊവ്വാഴ്‌ച ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയുടെ മറുപടിയിൽ അമിത് ഷാ അധിക്ഷേപിച്ചത്.
മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യൻ ഭരണഘടന സ്വപ്നം കാണുന്ന സംഘ് പരിവാർ നേതാക്കൾക്ക് ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ സമൂഹവ്യവസ്ഥക്കെതിരെ പോരാട്ടം നടത്തി സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയവർ അനഭിമതരാകുന്നത് സ്വാഭാവികമാണ്.ഭരണഘടനാദത്തമായ നിയമാവകാശം സംരക്ഷിക്കാനുള്ള ദളിത് വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളെ രാജ്യത്താകമാനം ഭരണ കാലയളവിൽ അടിച്ചമർത്താനും അത് കൊണ്ട് തന്നെ കേന്ദ്രം ശ്രമിച്ചിരുന്നു.
അമിത് ഷാ യുടെ പ്രസ്താവന ബിജെപി യുടെ ദളിത് വിരുദ്ധ സമീപനങ്ങളെയാണ് തുറന്ന് കാട്ടുന്നതെന്നും അപമാനകരമായ പരാമർശം നടത്തിയ ആഭ്യന്തര മന്ത്രിയെ ന്യായീകരിച്ചു കൊണ്ടുള്ള പ്രധാന മന്ത്രിയുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആരോപിച്ചു.