ചേർപ്പ്: തൃശൂർ ചേർപ്പ് ചിറക്കലിൽ സദാചാര ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും ഉടൻ പിടികൂചടണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്. ചിറക്കലിൽ സദാചാര ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന തൃശൂർ- തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായ സഹർ (32) മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് പ്രതികളെയെല്ലാം ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് എഐവൈഎഫ് ചേർപ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാസം പതിനെട്ടിന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്. ആറ് പേർ ചേർന്ന് ക്രൂരമായി സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി ആരോപണമുണ്ട്. ആക്രമണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തത് പൊലീസിന്റെ വലിയ വീഴ്ചയാണ്. ഈ കൊലപാതകത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും എത്രയും വേഗം പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും, ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എഐവൈഎഫ് ചേർപ്പ് മണ്ഡലം കമ്മിറ്റി അറിയിച്ചു.