സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച നടപടി സർക്കാർ ഉടൻ പിൻവലിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 16 പൈസയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തിന്റെ വൈദ്യുതി നയം സൃഷ്ടിക്കുന്ന അധിക ബാധ്യതയുടെ കണക്ക് പറഞ്ഞ് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും നിരക്ക് വർദ്ധിപ്പിക്കാതെയുള്ള പ്രശ്ന പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും എ ഐ വൈ എഫ് പ്രസ്താവനയിൽ പറഞ്ഞു. വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു.