തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ പ്രതിഫലം പറ്റുന്ന മറ്റ് തൊഴിലുകളിൽ ഏർപ്പെടാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്ന നിയമത്തെ ലംഘിച്ചു കൊണ്ട് ക്ഷേമ പെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് സിവിൽ സർവീസിനാകമാനം അപമാനകരമായ വിധത്തിൽ സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയിരിക്കുന്നത്.ഭരണ കൂടത്തിന്റെ അവിഭാജ്യ ഘടകമായ സർക്കാർ ജീവനക്കാർ നീതിയുക്തമായും സത്യസന്ധമായും പൊതു ജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ നിയുക്തരായിട്ടുള്ളവരാണെന്നിരിക്കെ അഴിമതി രഹിത ഭരണ നിർവഹണത്തിലൂടെ സുസ്ഥിര വികസനം സാധ്യമാക്കാൻ ലക്ഷ്യം വെച്ച് കൊണ്ടുള്ള സർക്കാർ ശ്രമത്തിന്റെ കടക്കൽ കത്തി വെക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്.
അഴിമതിയും കെടുകാര്യസ്ഥതയും അവകാശമായി കണ്ട് മുന്നോട്ട് പോകുന്ന ഒരു ന്യൂനപക്ഷം ജീവനക്കാർ സാമൂഹ്യ പ്രതിബദ്ധതയോട് കൂടി കൃത്യ നിർവഹണത്തിലേർപ്പെടുന്ന വലിയൊരു വിഭാഗത്തിന് പോലും അപഖ്യാതി ഉണ്ടാക്കുകയാണ്.വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അനധികൃതമായി പെൻഷൻ കൈ പറ്റിയ മുഴുവൻ ജീവനക്കാർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.