കൊൽക്കത്തയിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ആർ ജി കർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നു. നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ആരോഗ്യ രംഗത്ത് അനിവാര്യമാണ്. വിവിധ മേഖലകളിൽ നിന്നുണ്ടായേക്കാവുന്ന അതിക്രമത്തെക്കുറിച്ചുള്ള ഭീതി ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയുടെ ഗുണനിലവാരത്തെ തന്നെ ബാധിക്കാനിടയുള്ളതിനാൽ ഇതിനു തടയിടാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ രംഗത്തെ ജീവനക്കാർക്ക് സുരക്ഷയൊരുക്കാൻ സർക്കാർ തയ്യാറാകണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കൊൽക്കത്ത സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഓഗസ്റ്റ് 20, 21തിയ്യതികളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.