രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് ഏടുത്തെറിയപ്പെടുമ്പോൾ, ജനാധിപത്യം വേട്ടയാടപ്പെടുമ്പോൾ രാജ്യത്തെ യുവാക്കൾ ഒന്നിച്ചു നിൽക്കേണ്ട കാലമാണിത്. ആർഎസ്എസിന്റെ രാഷ്ട്രീയ നേട്ടത്തിനായി ഗോഡ്സെ എന്ന മത തീവ്രവാദിയെ നിറ തോക്കുമായി പറഞ്ഞയച്ച് ഗാന്ധിയെ നിഷ്ക്കരുണം കൊന്നുതള്ളിയവർ. ആ രക്തസാക്ഷി ദിനത്തിന്റെ 76-ാം ഓർമ്മപ്പെടുത്തലിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രപിതാവിന്റെ ഘാതകരുടെ പിൻ തലമുറക്കാർ രാജ്യം ഭരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ആ വീരമൃത്യുവിനെ നിസാരവത്കരിക്കുകയും മഹാത്മഗാന്ധിയുടെ ഘാതകനായ ഗോഡ്സയെ വീരനായകനായി ഉയർത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണ് ബിജെപി സർക്കാർ നടപ്പിലാക്കിവരുന്നത്. അധികാരത്തിലേറി ഇന്നേവരെ രാജ്യത്തെ പകുതിയലധികം വരുന്ന യുവാക്കൾക്ക് ഗുണകരമായ യാതൊരു ഭരണനേട്ടവും സമ്മാനിക്കാൻ ബിജെപി സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. യുവാക്കളെ കയ്യിലെടുക്കാൻ പടച്ചുവിട്ടതത്രയും നട്ടാക്കുരുക്കാത്ത വാഗ്ദാനങ്ങൾ മാത്രവും.
രാജ്യംതന്നെ കോർപ്പറേറ്റ് ഭീമൻമാർക്ക് തീറെഴുതിക്കൊടുക്കപ്പെടുമ്പോൾ, രാജ്യത്ത് തൊഴിലിനായി കാത്തിരിക്കുന്ന വലിയൊരു ശതമാനം യുവാക്കളും അനുഭവിക്കുന്ന പ്രതിസന്ധി മോദി സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം കൂടിയതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ.) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നായ ഇന്ത്യൻ റെയിൽവേയിലേക്കും സൈന്യത്തിലേക്കും അടക്കം നടന്ന റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ സുതാര്യതയില്ലായ്മയ്‌ക്കെതിരെ ഉദ്യോഗാർത്ഥികൾ കലാപം നടത്തിയപ്പോൾ ഇന്ത്യയുടെ തൊഴിൽ പ്രതിസന്ധി ലോകശ്രദ്ധ പിടിച്ചുപറ്റി. ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ ഉണ്ടായിരുന്നിട്ടും, ഗണ്യമായ സാമ്പത്തിക വളർച്ചയുടെ കാലഘട്ടത്തിൽ പോലും, ഇന്ത്യയിൽ യുവാക്കൾ തൊഴിലില്ലായ്മയിൽ നട്ടം തിരിയുന്നു എന്നത് ഭരണകൂടത്തിന്റെ വീഴചതന്നെയാണ്.
ജനാധിപത്യത്തേപോലും വെല്ലുവിളിച്ച് മോദി രാജ്യം ഭരിക്കുമ്പോൾ, നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാൻ ഓരോ യുവാക്കളും ബാധ്യസ്ഥാനാണ്. കപട രാഷ്ട്രീയം വിളമ്പി രാജ്യത്തെ വിറ്റുതുലയ്ക്കുന്നവരെ തിരിച്ചറിയണം. ജനാധിപത്യത്തെ വിറ്റുതുലച്ച് ഭരണഘടനയെ പോലും നോക്കുകുത്തിയാക്കുന്ന ഒരു ഭരണകൂടത്തിനെതിരെ യുവാക്കളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐവൈഎഫ് ഡെമോക്രാറ്റിക് സ്ട്രീറ്റുമായി രംഗത്തെത്തുന്നത്. മതനിരപേക്ഷതയും സമത്വവും കാത്തുസൂക്ഷിക്കാനും അത് അതേ അർത്ഥത്തിൽ വരും തലമുറയിലേക്ക് പകർന്നു നൽകാനും ഇനി യുവാക്കൾ സംഘടിച്ചാൽ മാത്രമേ സാധിക്കു. അതിനു മുന്നോടിയെന്നോണമാണ് ജനുവരി 30 രാഷ്ട്രപിതാവിന്റെ ജീവൻ കവർന്ന മതഭ്രാന്തൻമാർക്കെതിരെ എഐവൈഎഫ് ഡെമോക്രാറ്റിക് സ്ട്രീറ്റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നത്. രാജ്യം ലോക്സഭയിലേക്ക് അടുക്കുന്ന കാലത്ത് ഇനിയൊരു എൻഡിഎ ഭരണം രാജ്യത്തിനു ആപത്ത് എന്ന സന്ദേശമുയർത്തി രാജ്യത്തിന്റെ തെരുവോരങ്ങളിലെല്ലാം എഐവൈഎഫ് വിവിധതരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.