തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തി ആക്കരുത്, നിയമനങ്ങൾ ത്വരിതപ്പെടുത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ഇന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസുകളിലേക്ക് എഐവൈഎഫ് നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും.
കേരളത്തിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് നിയമനം കാത്തി രിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ചുകൊണ്ട് തസ്തികകൾ വെട്ടിക്കുറയ്ക്കാനും അതുവഴി സിവിൽ സർവീസിനെ ദുർബലപ്പെടുത്താനും ഉള്ള ശ്രമം അത്യന്തം ആശങ്ക ഉളവാക്കുന്നതാണ്. തസ്തികകളിൽ സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബശ്രീ, കെക് സോൺ അടക്കമുള്ള ഏജൻസികൾ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള നീക്കം ചെറുത്തുതോല്പിക്കേണ്ടതാണ്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ കൂടി പങ്കെടുക്കുന്ന ബഹുജന പ്രതിഷേധമായി മാർച്ച് മാറുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ അറിയിച്ചു.