മലയാളസാഹിത്യ തറവാട്ടിലെ കാരണവരെയാണ് എംടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് എഐവൈഎഫ് വ്യക്തമാക്കി. അക്ഷരങ്ങളെ ഹൃദയത്തോടു ചേർക്കുന്ന മലയാളിക്ക് എംടി വാസുദേവൻ നായരുടെ നിര്യാണം തീരാനോവാണ്. എം ടി മലയാള ഭാഷയ്ക്ക് നൽകിയ അമൂല്യമായ സംഭാവനകൾ കേരളം എന്നും ഓർക്കും. തലമുറകളുടെ സ്നേഹവാത്സല്യങ്ങളും സ്നേഹാദരങ്ങളും ഒരേ അളവിൽ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭയാണ് എംടി.
ഏത് തരത്തിലുള്ള വായനക്കാരനും എളുപ്പം ഗ്രഹിക്കാവുന്ന എഴുത്തിലെ അപൂർവത എംടിയുടെ കൃതികളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വള്ളുവനാടൻ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളിൽ പകർന്നു നല്കിയ മലയാളത്തിന്റെ കഥാകാരനാണ് വിടചൊല്ലിയിരിക്കുന്നത്. എംടി വിടവാങ്ങുന്നത് മലയാള മനസുകളുമായാണ്. എംടിയുടെ വിയോഗം കേരളത്തിനൊട്ടാകെ ഉണ്ടാക്കിയ നഷ്ടം ചെറുതല്ല. മലയാളത്തിന്റെ മഹാപ്രതിഭയുടെ വിയോഗത്തിൽ എഐവൈഎഫ് സംസ്ഥാന നേതൃത്വം അനുശോചനം രേഖപ്പെടുത്തി.