വർഗ്ഗീയതയുടെയും പണത്തിന്റെയും പിൻബലത്തിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന തൃശൂർ എം പി സുരേഷ്ഗോപിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. എഐവൈഎഫ് നേതാവ് ബിനോയ് ഷബീറാണ് സുരേഷ്ഗോപിയുടെ ജനാധിപത്യ വിരുദ്ധതയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അടിമുടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ജനാധിപത്യത്തെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ്ഗോപി തൃശൂരിൽ അധികാരം പിടിച്ചെടുത്തത് എന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സുരേഷ്ഗോപി നടത്തിയ ശ്രമങ്ങളുടെ തെളിവുകൾ അടക്കമാണ് ബിനോയ് ഷബീർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. തൃശൂർ ലോക്സഭ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ബിനോയ് ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി സ്വീകരിച്ച ഹൈക്കോടതി മൂന്ന് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകാൻ സുരേഷ്ഗോപിയോട് നിർദ്ദേശം നൽകിയിട്ടുണ്ട്.
വോട്ടെടുപ്പ് ദിനത്തിൽ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു വെന്നതാണ് ഹർജിയിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം. സുരേഷ്ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ എ പി അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരിൽ വോട്ട് ചെയ്യണമെന്ന അഭ്യർത്ഥിച്ചിരുന്നു. അതുകൂടാതെ സുരേഷ്ഗോപി മറ്റൊരു സുഹൃത്തുവഴി തൃശൂരിലെ വോട്ടർമാർക്ക് പെൻഷൻ വാഗ്ദാനം ചെയ്തു.
തെരഞ്ഞെടുപ്പ് ദിവസം തന്നെ മുൻ രാജ്യസഭാ എം പി കൂടിയായ സുരേഷ്ഗോപി തനിക്ക് ലഭിച്ച എംപി പെൻഷൻ തുക ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതിന്റെയും വിവരങ്ങൾ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടറെ സ്വാധീനിക്കാൻ അവരുടെ മകൾക്ക് മൊബൈൽ ഫോൺ വാങ്ങിനൽകി. തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകളാണ് സുരേഷ് ഗോപി തൃശൂർ കേന്ദ്രീകരിച്ച് നടത്തിയതെന്ന് ബിനോയ് ഹർജിയിലൂടെ വെളിപ്പെടുത്തിയത്.