തിരുവനന്തപുരം: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും പരാതി നൽകി എഐവൈഎഫ്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണാണ് ഡിജിപിക്ക് പരാതി നൽകിയത്. വഖഫ് ബോർഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമാണ് വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്.
സുരേഷ് ഗോപിയുടെ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും രണ്ട് മതവിഭാഗങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ ഐക്യം തകർക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണ് പരാമർശമെന്നും പരാതിയിലുണ്ട്.
നാലക്ഷര ബോർഡ് ഭീകരനെ പാർലമെന്റിൽ തളയ്ക്കുമെന്നാണ് വഖഫ് ബോർഡിനെ മുൻനിർത്തി സുരേഷ് ഗോപി പറഞ്ഞത്. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർക്ക് അങ്കലാപ്പാണ്. അവരുടെയൊക്കെ രാഷ്ട്രീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അവർക്ക് എതിർനീക്കം നടത്താൻ സാധിക്കാത്ത ഗതികെട്ട അവസ്ഥയാണ്.
സമാനമായ പരാമർശമാണ് വഖഫ് ഭൂമി വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാല കൃഷ്ണനും നടത്തിയത്. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാൽ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യധീനപ്പെട്ട് പോകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് കമ്പളക്കാട്ടെ പൊതുയോഗത്തിൽ ഗോപാലക്കൃഷ്ണൻ പ്രസംഗിച്ചത്.