ആലപ്പുഴ: കളക്ടറേറ്റ് പടിക്കൽ നിരാഹാര സമരം നാരങ്ങ നീര് നൽകി അവസാനിപ്പിച്ച കളക്ടറുടെ നടപടിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരാതി നൽകി. നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 26 മുതൽ സംഘടിപ്പിച്ച അനിശ്ചിതകാല നിരാഹാര സമരമാണ് കഴിഞ്ഞ ദിവസം കളക്ടർ സമരം നടത്തിയ വർക്ക് നാരങ്ങ നീര് നൽകി അവസാനിപ്പിച്ചത്. സമിതി നേതാക്കളുമായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നടത്തിയ ചർച്ചയെ തുടർന്നായിരുന്നു സമരം തീർന്നത്.
സർക്കാർ പ്രതിനിധിയെന്ന നിലയിൽ സമരക്കാരുമായി ചർച്ച നടത്തുക എന്നല്ലാ തെ സർക്കാർ ഉദ്യോഗസ്ഥർ ഇത്തരത്തിൽ സമരങ്ങളിൽ ഇടപെടുകയോ സമരം അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകുയോ ചെയ്യുന്നത് ഗുരുതരമായ സർവീസ് ചട്ട ലംഘനമാണെന്ന് ജിസ്മോൻ പരാതിയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ സമരത്തിൽ പ്രത്യക്ഷമായി പങ്കെടുത്തതിലൂടെ സർക്കാർ വിരുദ്ധ സമരത്തോടുള്ള തൻ്റെ അനുഭാവമാണ് കളക്ടർ പ്രകടിപ്പിച്ചതെന്നും സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.