കേന്ദ്ര സർക്കാർ അവതരിപ്പിച്ച ധനകാര്യ ബില്ലായ ഇലക്ട്രൽ ബോണ്ട് സംവിധാനം ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി വിധി മോദി സർക്കാറിന്നേറ്റ കനത്ത തിരിച്ചടിയാണെന്ന് എ ഐ വൈ എഫ്. ഒന്നാം മോദി സർക്കാറിന്റെ ഭരണ കാലത്ത് അവതരിപ്പിച്ച ഇലക്ട്രൽ ബോണ്ട് രാഷ്ട്രീയ സംഭാവനകൾക്ക് മേൽ പുക മറ സൃഷ്ടിക്കുന്നതാണെന്ന് എഐവൈഎഫ് വ്യക്തമാക്കി. വാർഷിക റിപ്പോർട്ടിൽ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെളിപ്പെടുത്തേണ്ടതില്ലെന്നതുകൊണ്ട് കള്ളപ്പണ ഒഴുക്കിനുള്ള സാധ്യതകളുണ്ടെന്നുമുള്ള വിമർശനങ്ങൾ സാധൂകരിക്കുകയാണ് സുപ്രീം കോടതി വിധിയെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.
കോർപ്പറേറ്റുകളിൽ നിന്ന് യാതൊരു വ്യവസ്ഥതകളുമില്ലാതെ പണം സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരമൊരുക്കുന്ന ഇലക്ട്രൽ ബോണ്ട് സംവിധാന പ്രകാരം 2018 മുതൽ 2022 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ സംഭാവന തുകയിൽ 57 ശതമാനം തുകയും നേടിയത് ബി ജെ പിയാണെന്ന് കാണാൻ കഴിയും.
രാഷ്ട്രീയ പാർട്ടി ഫണ്ടിങ്ങിൽ സുതാര്യയുണ്ടാ കണമെന്നും ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം അത്തരം സുതാര്യതകൾ അപ്രസക്തമാക്കുമെന്നുമാണ് എ ഐ വൈ എഫ് നിലപാട്. കോർപറേറ്റ്- ഭരണകൂട അവിഹിത ബന്ധത്തിന് നിയമപ്രാബല്യം നൽകിക്കൊണ്ട് ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് കോടതി വിധിയിലൂടെ പൊളിഞ്ഞതെന്നും എ ഐ വൈ എഫ് പറഞ്ഞു.