തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ അസ്മിയയുടെ മരണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്. എഐവൈഎഫ്സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പുറത്തിറക്കിയ പ്രസ്താവനയിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. മതപഠന കേന്ദ്രങ്ങൾ കുറേക്കൂടി സുതാര്യമാകണം. സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന്റെ ആശങ്ക ഗൗരവമായി എടുത്ത് സമഗ്ര അന്വേഷണം നടത്തണം എന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
സ്കൂളുകളിലും മതപഠന കേന്ദ്രങ്ങളിലും കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പു വരുത്താൻ കൗൺസിലിങ്ങ് സംവിധാനങ്ങളുൾപ്പെടെ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
ശനിയാഴ്ചയാണ് ബാലരാമപുരത്തെ മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ പതിനേഴുകാരി അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആത്മഹത്യ അല്ലെന്നും മരണത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അസ്മീയയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.