തിരുവനന്തപുരം: റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള തീരുമാനം പിൻവലിക്കാൻ റെയിൽവേ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്. എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവാണ് പ്രസ്താവനയിലൂടെ റെയിൽവേയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
രാജ്യത്തെ 48- റെയിൽവേ സ്റ്റേഷനുകളുടെ ഭൂമി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാൻ കേന്ദ്ര സർക്കാർ അനുമതിനൽകിയിരുന്നു. 45 മുതൽ 99 വർഷക്കാലത്തേക്കാണ് പാട്ടക്കരാർ. കേരളത്തിലെ തന്നെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനായ കണ്ണൂർ റയിൽവേ സ്റ്റേഷനിലെ ഭൂമിയും ഇത്തരത്തിൽ സ്വകാര്യ കമ്പനിക്ക് കൈമാറിയതായി എഐവൈഎഫ് വ്യക്തമാക്കി. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. സ്റ്റേഷൻ നവീകരണം, പാർക്കിങ്ങ് തുടങ്ങിയ സാധ്യതകൾ ഈ കരാറോടു കൂടി ഇല്ലാതാവുകയാണ് എഐവൈഎഫ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ റെയിൽവേയുടെ പൊതുഭൂമി ഉൾപ്പെടെ സ്വകാര്യവത്ക്കരിക്കുന്ന ഏറ്റവും ജനവിരുദ്ധ നയമാണ് നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ചും പൊതുഭൂമി ഉൾപ്പെടെ കച്ചവട ചരക്കാക്കി മാറ്റിയും തൊഴിലുകൾ ഇല്ലാതാക്കിയും രാജ്യത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് എഐവൈഎഫ് പറഞ്ഞു. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ഒഴിവുകളിൽ നിയമനം നടത്താതെയും യുവജനവിരുദ്ധനയങ്ങളാണ് റെയിൽവേയിൽ കേന്ദ്രം നടപ്പാക്കുന്നത്. ഇന്ത്യൻ റെയിൽവേ പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭൂമി സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകുന്നത്. ഇതിനെതിരായി ശക്തമായ ബഹുജന പ്രതിഷേധം ഉയർന്നു വരണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിലൂടെ പറഞ്ഞു.