തിരുവല്ല: പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് പ്രവർത്തനം ശക്തമാക്കി എഐവൈഎഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഡെങ്കിപ്പനിയും, എലിപ്പനിയും ഉൾപ്പെടെയുള്ള മഴക്കാല രോഗങ്ങൾക്കെതിരെ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിനുമായി എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി രംഗത്തെത്തി.
തിരുവല്ല കെഎസ്ആർടിസി കോർണറിൽ സംഘടിപ്പിച്ച ക്യാമ്പയിൻ സിപിഐ തിരുവല്ല മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബിനു മാത്യു ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ സ്വാഗതം ആശംസിച്ചു.
സിപിഐ ലോക്കൽ കമ്മിറ്റി അംഗം അനിൽ കുമാർ ,മേഖല വൈസ് പ്രസിഡന്റ് ശിവപ്രസാദ് നായർ , ജോയിൻ സെക്രട്ടറി ലിജു വർഗീസ്, കമ്മിറ്റി അംഗങ്ങളായ ചന്ദ്രേഷ് ഇ സി, ഹരികൃഷ്ണൻ കെ എ, ജിജോ ചാക്കോ, ജ്യോതിഷ് ജോയ്, അനിത പ്രസാദ്, മനീഷ് മാത്യു, ബിൻസൺ ജോർജ്, മനോജ് കൊച്ചുവീട്ടിൽ, ജോയൽ എന്നിവർ നേതൃത്വം നൽകി.
ക്യാമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചതിനോടൊപ്പം പകർച്ചപ്പനിയുടെ വ്യാപനം തടയാൻ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കു പ്രവർത്തകർ നേതൃത്വം നൽകി. ക്യാമ്പയിൻ സാംസ്‌കാരിക പ്രവർത്തകരും വിദ്യാര്ത്ഥികളും അദ്ധ്യാപകരും ഏറ്റെടുത്തു.