Thursday, November 21, 2024
spot_imgspot_img
HomeKeralaസ്വിഗ്ഗി സമരം ഏറ്റെടുത്തു എഐവൈഎഫ്; സോണൽ ഓഫീസിലേക്ക് മാർച്ച്‌

സ്വിഗ്ഗി സമരം ഏറ്റെടുത്തു എഐവൈഎഫ്; സോണൽ ഓഫീസിലേക്ക് മാർച്ച്‌

കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണ കമ്പിനിയായ സ്വിഗ്ഗി ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരത്തിനു പിന്തുണയുമായി എഐവൈഎഫ്. എറണാകുളം ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കുക എന്നാവശ്യപ്പെട്ട് കൊച്ചി സോണൽ ഓഫീസിലേക്ക് എഐവൈഎഫ് മാർച്ച് സംഘടിപ്പിക്കും. ഇന്ന് രാവിലെ നടക്കുന്ന മാർച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്യും.

സ്വിഗ്ഗി ജീവനക്കാരുടെ സമരത്തിൽ പരിഹാരം കണ്ടെത്താൻ സർക്കാർ ഇടപെടണമെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം നേരത്തെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. മഴയും വെയിലുമില്ലാതെ ജനങ്ങളുടെ വിശപ്പടക്കാൻ ഓടിനടക്കുന്ന സ്വിഗ്ഗി ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും അവർ ആവശ്യപ്പെട്ടിരുന്നു. അസംഘടിത തൊഴിൽ മേഖലയായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത്, തൊഴിൽ ചൂഷണം അത്രമേൽ ഭീകരമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സ്വിഗ്ഗിയിലെ ജീവനക്കാർക്ക് ഇത് വെറുമൊരു പാർട്ട് ടൈം ജോലിയല്ല. കുടുംബത്തിലെ പട്ടിണി മാറ്റാനും വിദ്യാഭ്യാസത്തിനും ഒക്കെയായാണ് പൊരി വെയിലും പെരുമഴയും വകവയ്ക്കാതെ ഇവർ റോഡിലിറങ്ങുന്നത്. ദിവസം പതിനഞ്ചോളം മണിക്കൂർ ജോലി ചെയ്യുന്ന ഇവർക്ക് തുച്ഛമായ കൂലിയാണ് ലഭിക്കുന്നത്. ചൂഷണം വർധിച്ച സാഹചര്യത്തിലാണ് സ്വിഗ്ഗിയിലെ തൊഴിലാളികൾ സംഘടിക്കുകയും സമര മാർഗത്തിലേക്ക് തിരിയുകയും ചെയ്തത്.

ഇന്നത്തെ ഇന്ധന വിലവെച്ചു ഈ തൊഴിലാളികൾക്ക് കിട്ടുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയാത്ത സാഹചര്യമാണുള്ളത്. സ്വിഗ്ഗിയിലെ തൊഴിലാളി പ്രശ്‌നം എഐവൈഎഫ് ഏറ്റെടുക്കുകയാണ്. തൊഴിലാളികൾക്ക് അനുകൂല സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. വിഷയം എത്രയും വേഗം പരിഹരിക്കാൻ ശക്തമായ നടപടിയുണ്ടാകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനും ഈ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares