തിരുവനന്തപുരം: വൈദ്യുത ചാർജ് വർദ്ധനവിനെതിരെ വൈദ്യുതി മന്ത്രിക്ക് കത്തയച്ച് എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്റെയും പ്രസിഡന്റ് എൻ അരുണിന്റെയും നേതൃത്വത്തിലാണ് മന്ത്രിക്ക് കത്തയച്ചത്. സംസ്ഥാനത്ത് വൈദ്യുത നിരക്കിലുണ്ടായ വർദ്ധന സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന നടപടിയായി മാറിയെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ച നിരക്ക് വർദ്ധനവിനു പിന്നാലെ സബ്സിഡി നഷ്ടപ്പെടുന്നത് പാവപ്പെട്ടവർക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
വൈദ്യുതി ബില്ലിൽ കെഎസ്ഇബി ഈടാക്കിവരുന്ന പത്തുശതമാനം ഇലക്ട്രിസിറ്റി ഡ്യൂട്ടി സർക്കാരിനു കൈമാറാൻ ഉത്തരവായതോടെ സാധാരണക്കാരായ ജനങ്ങൾക്ക് ലഭിച്ചിരുന്ന സബ്സീഡി ആനുകൂല്യം നിലച്ചിരിക്കുകയാണ്. ഈ തീരുമാനം സാധാരണക്കാരായ ഉപഭോക്താക്കളെ മാത്രമല്ല ബോർഡിനു കീഴിൽ പണിയെടുത്ത് വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യത്തേയും പ്രതികൂലമായി ബാധിച്ചതായി എഐവൈഎഫ് വ്യക്തമാക്കി.
സാധാരണക്കാർക്ക് ദോഷം ചെയ്യുന്ന ഇത്തരം തീരുമാനങ്ങൾ ഇടതുപക്ഷ സർക്കാരിനപ്പാടെ കളങ്കം വരുത്തി തീർക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിനാൽ ഇലക്ട്രിസിറ്റി ഡ്യുട്ടി തുക പഴയപടി പുനസ്ഥാപിച്ച് ഉപഭോക്താക്കൾക്കും പെൻഷനേഴ്സിനും ഉണ്ടായ ബുദ്ധിമുട്ടിനു പരിഹാരം കണ്ടെത്തണം .കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്ക്കരിച്ച അശാസ്ത്രീയമായ വൈദ്യുതി ചാർജ് പിൻവലിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.