മുനമ്പം സാമുദായിക ദ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി എഐവൈഎഫ്. മുനമ്പം പ്രശ്നത്തിനു ശാശ്വതമായ പരിഹാരം കാണാൻ ബഹുജന സംഗമവുമായി എഐവൈഎഫ്. നവമ്പർ 20ന് വൈകിട്ട് 4ന് ചെറായിൽ വച്ച് ബഹജന സംഗമം സംഘടിപ്പിക്കും. മുനമ്പം വിഷയത്തിന്റെ മറവിൽ സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ നീക്കത്തിന്നെതിരെ മതേതര കേരളം ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് രംഗത്തെത്തിയിരുന്നു.
കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള തർക്ക വിഷയം സമവായത്തിലൂടെയും സൗഹാർദ്ദാന്തരീക്ഷത്തിലൂടെയും പരിഹരിക്കാനുള്ള ശ്രമത്തിനിടയിൽ ന്യൂനപക്ഷ സമുദായങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് ഒരു വിഭാഗത്തിനകത്ത് ഭയം സൃഷ്ടിക്കുകയും അത് വഴി അവരിൽ ഉടലെടുക്കുന്ന ഭീതിദമായ സാഹചര്യത്തെ മുതലെടുക്കുകയും ചെയ്യുകയാണ് സംഘപരിവാർ നിലവിൽ ചെയ്യുന്നത്. വർഗീയമായ ചേരിതിരിവ് ശക്തിപ്പെടുത്താനുതകുംവിധം വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിടുകയും എല്ലാ വിഷയങ്ങൾക്കും വിവാദങ്ങൾക്കും വർഗീയമായ നിറം നൽകുകയും ചെയ്യുക എന്നത് തങ്ങളുടെ പ്രഖ്യാപിത നിലപാടായി സ്വീകരിച്ചിട്ടുള്ള ആർഎസ്എസ് മുനമ്പം വിഷയത്തിലും തങ്ങളുടെ ഫാസിസ്റ്റ് സ്വഭാവം പ്രകടമാക്കിയിട്ടുണ്ട്. മുനമ്പത്തെയും വൈപ്പിനിലെയും ജനങ്ങളുടെ വീടുകളും സ്വത്തുക്കളും സംരക്ഷിക്കാൻ ഇച്ഛശക്തിയുള്ള സർക്കാറാണ് കേരളം ഭരിക്കുന്നത്. അത് കേരള മുഖ്യമന്ത്രിതന്നെ ഉറപ്പു നൽകിയിട്ടുമുണ്ട്.
സംഘപരിവാർ വ്യാജ പ്രചരണത്തിൻ്റെ അടിസ്ഥാനത്തിൽ പല സംഘടനകളും നടത്തുന്ന പ്രചരണങ്ങളും അസംബന്ധമാണ്. വിവിധ മത വിഭാഗങ്ങൾ സൗഹാർദ്ദപരമായി ജീവിക്കുന്നിടത്ത് വർഗ്ഗീയ ചേരി തിരിവ് സൃഷ്ടിക്കുവാനും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ വിഭാഗീയത ഇളക്കി വിട്ട് ശിഥിലീകരിക്കാനുമുള്ള ശ്രമങ്ങളെ എഐവൈഎഫ് ചെറുത്ത് തോല്പിക്കുമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.