മലയാളത്തിന്റെ മഹാനടൻ പത്മശ്രീ മധുവിനെ ആദരിച്ച് എഐവൈഎഫ്. നവതിയുടെ നിറവിലേക്കെത്തിയ അതുല്യ പ്രതിഭയെ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും ആദരിച്ചു. എഐവൈഎഫിന്റെ സംസ്ഥാന സമ്മേളനത്തിന് ഉദ്ഘാടകനായി എത്തിയത് നിറഞ്ഞ സന്തോഷത്തോടെ അദ്ദേഹം ഓർത്തെടുത്തു. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആർ എസ് ജയൻ, പ്രസിഡന്റ് ആദർശ് കൃഷ്ണ, പൃഥിരാജ് എന്നിവർ ഒപ്പമുണ്ടായിരുന്നു
എൻ അരുൺ സംവിധാനം ചെയ്ത അവകാശികൾ എന്ന സിനിമയുടെ ഒ ടി ടി റിലീസിംഗിന് എല്ലാ ഭാവുകങ്ങളും മധു നേർന്നു. ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച മധുവിന്റെ ജൈത്രയാത്ര മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ടി ടി ജിസ്മോൻ വ്യക്തമാക്കി. ചെമ്മീനിലെ പരീക്കുട്ടി മുതൽ അഭ്രപാളികളിൽ അദ്ദേഹം അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങൾ മനസിലൂടെ ഓടിയെത്തുമെന്നും ടി ടി ജിസ്മോൻ പറഞ്ഞു.
പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.