മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഡാവിൻച്ചിയെയും മികച്ച ബാലചിത്രത്തിനുള്ള സിനിമയായി തിരഞ്ഞെടുത്ത പല്ലൊട്ടി 90’S കിഡ്സിന്റ സംവിധായകൻ ജിതിൻ രാജിനും അനുമോദിച്ച് എഐവൈഎഫ്. വെള്ളാങ്ങല്ലൂർ മേഖല കമ്മിറ്റി നേതൃത്വത്തിൽ അഡ്വ വി ആർ സുനിൽകുമാർ എംഎൽഎയാണ് ഇരുവരെയും അനുമോദിച്ചത്. ഇരുവരും വെള്ളാങ്ങല്ലൂർ സ്വദേശികളാണ്.
സംവിധാനം, തിരക്കഥ, രചന, ക്യാമറ, എഡിറ്റിങ്, അഭിനയം, വിവിധ സാങ്കേതികവിഭാഗങ്ങള്‍ എന്നിവയിലൂടെ നാല്‍പ്പതോളം തുടക്കക്കാര്‍ ഒന്നിച്ച സിനിമയാണ് ‘പല്ലൊട്ടി.’ സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയയാണ് ചിത്രം നിര്‍മിച്ചത്.
കണ്ണന്‍, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ഈ ചിത്രം 90 കളിലെ തലമുറയ്ക്ക് മനോഹരമായ ഓര്‍മകള്‍ സമ്മാനിക്കുന്നതിനൊപ്പം പുതിയ തലമുറയിലെ കുട്ടികളെ കൂടി ആകര്‍ഷിക്കുന്ന സിനിമയാണെന്ന് സംവിധായകന്‍ ജിതിന്‍ രാജ് പറയുന്നു.
‘പല്ലൊട്ടി 90’സ് കിഡ്സി’ലെ അഭിനയത്തിനാണ് മികച്ച ബാലതാര (ആണ്‍) ത്തിനുള്ള പുരസ്‌കാരം മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷിന് ലഭിച്ചത്. ചെറുതും വലുതുമായ പതിനേഴോളം സിനിമകളിലാണ് ഡാവിഞ്ചി ഇതുവരെ അഭിനയിച്ചത്. കലാജാഥകളിലൂടെയും നാടകങ്ങളിലൂടെയും കുഞ്ഞുപ്രായത്തില്‍ തന്നെ അഭിനയരംഗത്തെത്തിയ ഡാവിഞ്ചി സന്തോഷ് കോണത്തുകുന്ന് പാലപ്രക്കുന്ന് സ്വദേശിയും ചിത്രകലാകാരനുമായ സന്തോഷിന്റെ മകനാണ്.