വൈശാഖ് അന്തിക്കാട്
തൃശൂർ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിള്ളിക്ക് അടുത്താണ് കള്ളിചിത്ര ആദിവാസി കോളനി. പ്രകൃതിയുടെ സമ്പന്നത നിറഞ്ഞു നിൽക്കുന്നിടം.കഴിഞ്ഞ ദിവസമാണ് എഐവൈഎഫ് സേവ് ഇന്ത്യ മാർച്ചിൻ്റെ ഭാഗമായി ജാഥാ സ്വീകരണത്തിൽ ലഭിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് കള്ളിചിത്രയിൽ നടന്നത്. ജില്ലയിലെ കിഴക്കൻ മലയോരമേഖലയാണ് അവിടം.പുതുക്കാടും ഒല്ലൂർ മണ്ഡലവും അതിർത്ഥി പങ്കിടുന്നിടം.
സ്വന്തം ആവാസ മേഖലയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഒരു ജനത കള്ളിചിത്രയിലുണ്ട്. മനുഷ്യ ജീവിതത്തിൻ്റെ നട്ടെല്ലു നിവർത്തി നിറുത്താൻ, സമരമുഖങ്ങളിൽ പോരാടിയ 1986 ലെ പകലുകളും രാത്രികളും കള്ളിചിത്രയെ ഇന്നു കാണുന്ന മനോഹാരിതയിലേക്ക് നയിച്ച പടപുറപ്പാടിൻ്റെ നാളുകളായിരുന്നു. തൃശൂരിലെ ചിമ്മിനി ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട് അന്നവർ കുടിയൊഴിപ്പിക്കപ്പെട്ടു. പുനരധിവാസം പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ വർഷങ്ങളോളം നീണ്ടു നിന്നു. കാടറിഞ്ഞവർ തങ്ങളുടെ പച്ചപ്പിൽ കൂരയൊരുക്കാൻ സമരകൊടികളേന്തിയ ചരിത്രമുണ്ട് കള്ളിചിത്രയ്ക്ക്.
പോലീസും ഫോറസ്റ്റും ആ മനുഷ്യർക്കു മുമ്പിൽ പലകുറിയും മീശ പിരിച്ചും, ലാത്തിവീശിയും സമരങ്ങളെ കൊയ്തെടുക്കാൻ നോക്കി. സമരത്തിൽ കൂടെ കൂടി രാഷ്ട്രീയ ലാഭം നോക്കിയവർ പലരും കാടുവിട്ട് ഇറങ്ങി. അപ്പോഴും തങ്ങളുടെ മണ്ണിനും കാടിൻ്റെ ശ്വാസത്തിനുമായി അവർ ആദിവാസികൾ അവകാശ സമരങ്ങൾ നെയ്തെടുത്തു.ഇഴപിരിഞ്ഞുമുറുകിയ സമരാർപ്പണം തന്നെയാണ് ഞാൻ കഴിഞ്ഞ ദിവസം കണ്ട കള്ളിചിത്ര.
ഇന്ന് ഏറെ വികസനത്തിൻ്റെ വഴി വെട്ടിയിട്ടിരിക്കുന്നു. അഭിമാനത്തോടെ പറയാൻ കഴിയും എഐവൈഎഫിൻ്റെ മുൻ ദേശീയ സെക്രട്ടറിയും ഇപ്പോഴത്തെ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമായ രാജൻ ഈ വർഷം മാർച്ചിലാണ് കോളനിയിലെ 17 കുടുംബങ്ങൾക്ക് മുപ്ലിയം വില്ലേജിലെ ഏഴരയേക്കർ ഭൂമി നൽകിയത്.അത് കരുത്തുള്ള ഇടതു സർക്കാരിൻ്റെ കരുതലുമാണ്.
വൈകിയാണെങ്കിലും കള്ളിചിത്രക്കാർ നേടിയത് അവരുടെ തന്നെ മണ്ണാണ്. ഇനിയും ഭൗതിക സാഹചര്യങ്ങൾ വളരേണ്ടതുണ്ട്. അവിടെയുള്ള മക്കൾക്ക് തന്നെ ഞങ്ങൾക്ക് ജാഥയിൽ നിന്ന് ലഭിച്ച പഠനോപകരണങ്ങൾ നൽകാൻ 2 തവണ ചിന്തിക്കേണ്ടി വന്നിട്ടില്ല.എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ കള്ളിചിത്രയിലെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ഞങ്ങളിനിയും അവിടെ ഈ പ്രവർത്തനം തുടരും. മെച്ചപ്പെട്ട വിദ്യഭ്യാസത്തിലൂടെ കള്ളിയിത്രയിലെ പുതുതലമുറ അവരുടെ ആകാശം തൊടട്ടെ…