ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകം തസ്തികയിൽ നിയമിച്ച വ്യക്തിയെ ഈഴവനായതിനാൽ ആ പ്രവർത്തികൾ ചെയ്യിക്കാതെ ഓഫീസ് തസ്തികയിലേക്ക് മാറ്റിയതിൽ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ദേവസ്വം തെരഞ്ഞെടുത്ത ജീവനക്കാരനെതിരെ ക്ഷേത്രത്തിലെ തന്ത്രിമാർ പ്രഖ്യാപിച്ച് സമരത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ മറ്റൊരു തസ്തികയിലേക്ക് മാറ്റിയത്. ഈ വർത്തമാന കാലഘട്ടത്തിലും തൊഴിലിടങ്ങളിൽ പോലും ജാതീയ അതിക്ഷേപങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകൾ കേരളത്തിലെ പൊതു സമൂഹത്തിന് അപമാനമാണെന്ന് എഐവൈഎഫ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.
തീണ്ടലിനും അയിത്തത്തിനും അനാചാരത്തിനും എതിരെ നടന്ന കുട്ടംകുളം സമരഭൂമികയിലാണ് ഇത്തരം ജാതീയ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നത്. ജാതിയുടെ പേരിൽ മനുഷ്യർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം സമീപനങ്ങൾക്കെതിരെ പൊതു സമൂഹം ഉണരണമെന്നും ക്ഷേത്രത്തിൽ കഴകം തസ്തികയിൽ ജോലിക്ക് നിയമിച്ച ജീവനക്കാരന് ആ ജോലിയിൽ തന്നെ തുടരുന്നതിനുള്ള തീരുമാനങ്ങൾ എടുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡണ്ട് എം.പി. വിഷ്ണുശങ്കർ , സെക്രട്ടറി ടി.വി.വിബിൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.