ഇരിങ്ങാലക്കുട: ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്നുള്ള പ്രവർത്തനത്തിനു പ്രാധാന്യം കുറക്കുന്ന സാഹചര്യങ്ങൾ പ്രതിലോമശക്തികൾക്കു കടന്നുകയറാൻ ഇടം നൽകുന്നുണ്ട്.യുവജനങ്ങളുടെ മാത്രമല്ല ബഹുജനങ്ങളുടെയാകെ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ടു പൊരുതായ പ്രസ്ഥാനമാണു എഐവൈഎഫ് എന്നും എന്നാൽ ആ സമരങ്ങളിലേക്കു – കൂടുതൽ യുവജനങ്ങളെ അണിനിരത്താൻ ആസൂത്രിത പ്രവർത്തനമുണ്ടാകണമെന്നും യുവജനങ്ങൾക്കു താല്പര്യമുള്ള എല്ലാ കാര്യങ്ങളിലും ഇടപെടുന്നതോടൊപ്പം മതനിരപേക്ഷതയും ശാസത്ര ബോധവും ഉയർത്തിപ്പിടിക്കേണ്ടതും അനിവാര്യമാണെന്നു അദ്ദേഹം ചുണ്ടിക്കാട്ടി. ഒരു തെരഞ്ഞെടുപ്പു കൊണ്ടു നിരാശരാവുന്ന പാരമ്പര്യമല്ല കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനുള്ളതെന്നും ഇതിലും വലിയ പരാജയങ്ങളിൽ നിന്നു ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നുവന്നതാണ് -നമ്മുടെ ചരിത്രമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇരിങ്ങാലക്കുട മണ്ഡലം എ.ഐ.വൈ എഫ് ശില്പശാല ഉൽഘാടനംചെയ്തു സംസാരിക്കുകയായിരുന്നു വി.എസ് സുനിൽകുമാർ.ശിൽപശാലയിൽ സർക്കാർ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ യുവജന പങ്കാളിത്തം എന്ന വിഷയത്തെ ആസ്പദമാക്കി മസൂദ് കെ വിനോദ് ക്ലാസ് നടത്തി.എ.ഐ.വൈ എഫ് മണ്ഡലം പ്രസിഡൻ്റ് എം.പി. വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.വൈ എഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, സി.പി.ഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ , മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റൻ്റ് സെക്രട്ടറി എൻ.കെ ഉദയപ്രകാശ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി.വിബിൻ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം സ്വപ്ന നജിൻ നന്ദിയും പറഞ്ഞു.