തിരുവനന്തപുരം: ദേശീയ യുവജന ദിനമായ ജനുവരി 12 ന് സ്വാമി വിവേകാനന്ദ സ്മൃതി സംഘടിപ്പിക്കാനൊരുങ്ങി എഐവൈഎഫ്. വർത്തമാനകാല ഇന്ത്യയിൽ വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തി ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാവും പരിപാടി സംഘടിപ്പിക്കുക. വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12 ന് സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം എഐവൈഎഫിന്റെ നേതൃത്വത്തിൽ വിവേകനന്ദ സ്മൃതി സംഘടിപ്പിക്കുന്നത്. ഭാരത സംസ്കാരത്തിന്റെ മതേതരത്വ മൂല്യങ്ങൾ അപ്പാടെ തകർത്ത് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ബിജെപി ആർഎസ്എസ് സംഘപരിവാർ ശക്തികൾക്കെതിരെ വിവേകാനന്ദന്റെ ആശയങ്ങൾ ഉയർത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവേകാനന്ദ സ്മൃതി സംഘടിപ്പിക്കുന്നത്.
എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജോയിന്റ് കൗൺസിൽ ഹാളിൽ വച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സിപിഐ നാഷണൽ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് നിർവഹിക്കും.
എഐവൈഎഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ചിന്നക്കടയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സിപിഐ കൊല്ലം സെക്രട്ടറി പി എസ് സുപാൽ എംഎൽഎ നിർവഹിക്കും.
എഐവൈഎഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഓച്ചിറ ടൗണിൽവച്ചാണ് സമ്മേളനം നടക്കുക.
എഐവൈഎഫ് തവനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് നാലുമണിക്ക് നരിപ്പറമ്പിൽ വച്ച് നടത്തുന്ന വിവേകാനന്ദ സ്മൃതി എ പി അഹമ്മദ് ഉദ്ഘാടനം ചെയ്യും.