തിരുവനന്തപുരം: തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കുന്നതിൽ നിന്ന് മതത്തിന്റെ പേരുപറഞ്ഞ് വി പി മൻസിയ എന്ന കലാകാരിയെ വിലക്കിയ നടപടി സാംസ്കാരിക-മതേതര കേരളത്തിന് അപമാനമാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.
കേരളം പതിറ്റാണ്ടുകൾ നീണ്ടുനിന്ന നവോത്ഥാന സമരങ്ങളിലൂടെയാണ് ജാതി-മത-അന്ധവിശ്വാസങ്ങളെ ചെറുത്തു തോൽപ്പിച്ചത്. ഇത്തരം അനാചാരങ്ങൾ തിരികെ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. മതങ്ങൾക്കതീതമായി കലാ സൃഷ്ടികൾ മനുഷ്യമനസ്സുകളിൽ സ്വാധീനം ചെലുത്തുന്ന വർത്തമാനകാലത്ത് ഇത്തരം നികൃഷ്ടമായ വിലക്കുകൾ ഏർപ്പെടുത്തുന്നത് പ്രതിഷേധാർഹമാണ്. വി പി മൻസിയക്ക് നൃത്തം അവതരിപ്പിക്കാനുള്ള വേദിയൊരുക്കുവാൻ എഐവൈഎഫ് തയ്യാറാണെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിലൂടെ അറിയിച്ചു.