കൊല്ലം: ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകേണ്ട പൊലീസ് സേനയെ പൊതു പരിപാടികൾക്കും സമരങ്ങൾക്കും ഫീസ് ഈടാക്കി വാടക തൊഴിലാളികളാക്കി മാറ്റുന്ന രീതി തെറ്റാണെന്ന് തുറന്നടിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന കൊല്ലം ജില്ലാ കൺവൻഷനിലാണ് ആഭ്യന്തര വകുപ്പിനെതിരെ എൻ അരുൺ വിമർശനം ഉയർത്തിയത്. പിഎസ്‌സി റാങ്ക് ഹോൾ ഡേഴ്സിനെ ചെവിക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്നും എൻ അരുൺ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സമാധാന അന്തരീക്ഷം സൈനികനിലൂടെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢശ്രമമാണ് കഴിഞ്ഞ ദിവസം കടയ്ക്കൽ ചാണപ്പാറയിൽ അരങ്ങേറിയത്. രാജ്യത്ത് ബിജെപി നടപ്പിലാക്കുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ വിലപോകില്ല. വസ്തുനിഷ്ഠയ്ക്ക് വിരുദ്ധമായ ഈ ശ്രമത്തെ ദേശീയ തലത്തിൽ കേരളത്തെ മോശപ്പെടുത്തുന്ന നിലയാണ് ഉണ്ടാക്കിയത്. സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടും കേരളത്തിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന തെറ്റായ സന്ദേശമാണ് ബിജെ പി നേതൃത്വം പ്രചരിപ്പിക്കുന്നതെന്നും എൻ അരുൺ പറഞ്ഞു.