അഞ്ചൽ: പുതുതലമുറ സമൂഹത്തിനാകെ മാതൃകയാകുന്നവരാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ അഭിപ്രായപ്പെട്ടു. എഐവൈഎഫ് കൊല്ലം ജില്ലാ ശില്പശാലയിൽ രണ്ടാം ദിവസം അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം വലിയ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണ്. രാജ്യത്ത് വളർന്ന് വരുന്ന വർഗ്ഗീയതയെ ചെറുക്കേണ്ടത് മതേതരത്വം കാത്ത് പരിപാലിക്കുന്ന ഏതൊരു മനുഷ്യൻ്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ സംസാരിച്ചു. പുതിയ കാലം പുതിയ യുവത്വം എന്ന വിഷയത്തിൽ ദേശീയ വർക്കിങ് കമ്മിറ്റി അംഗം അഡ്വ. കെ കെ സമദും, സംഘടന, സമരം, സംഘാടനം എന്ന വിഷയത്തിൽ വർക്കിങ് കമ്മിറ്റി അംഗം എസ് വിനോദ് കുമാറും ക്ലാസ് നയിച്ചു. സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. വിനീത വിൻസൻ്റ്, ജില്ലാ സെക്രട്ടറി ടി എസ് നിധീഷ്, പ്രസിഡന്റ് ഇ കെ സുധീർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ മന്മധൻ നായർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്ബ്, കിസാൻ സഭ ജില്ലാ സെക്രട്ടറി അഡ്വ. ലെനു ജമാൽ, ജി അജിത്ത് എന്നിവർ സംസാരിച്ചു.
സംസ്ഥാന പിഎസ്‌സി നിയമനങ്ങൾ ത്വരിതപ്പെടുത്തുക, കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന പ്രതിഷേധാർഹം, സാധാരണക്കാരൻ്റെ ആശ്രയമായ സഹകരണ മേഖലയെ സംരക്ഷിക്കുക, പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഇ ഗ്രാൻ്റ് സ്കോളർഷിപ്പിന് കുടുംബ വാർഷിക വരുമാന പരിധി രണ്ടര ലക്ഷമായി ഉയർത്തിയ കേന്ദ്ര സർക്കാർ നിയമം പിൻവലിക്കുക, പ്രവാസികൾ നേരിടുന്ന വിമാന യാത്രാ നിരക്കുമായി ബന്ധപ്പെട്ട വിഷയം അടിയന്തിരമായി പരിഹരിക്കുക, ടെലികോം കമ്പനികളുടെ അന്യായ നിരക്ക് വർദ്ധനവ് പിൻവലിക്കുക, എൻ എച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അപാകതകൾ പരിഗണിക്കുക, കണ്ടൽകാടുകൾ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേങ്ങളും സമ്മേളനം അംഗീകരിച്ചു.