കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിക്കൊണ്ട് താഴ്ന്ന തസ്തികകളിലേക്കുള്ള സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബശ്രീ, കെക്സ്കോൺ എന്നിവ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള സർക്കാർ നീക്കം അത്യന്തം പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. എഐവൈഎഫ് ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണം, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലാണ് നിലവിലുള്ള ജീവനക്കാർ ഒഴിഞ്ഞു പോകുന്ന മുറക്ക് സ്ഥിര നിയമനം വേണ്ടെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിച്ചിട്ടുള്ളത്.
കുടുംബശ്രീ, കേക്സ്കോൺ എന്നി വയുമായി വാർഷിക കരാറിൽ ഒപ്പ് വെക്കുകയും ആവശ്യമാ ജീവനക്കാരെ ദിവസക്കൂലിക്ക് മാത്രം നിയമിച്ച് ഇവരുടെ കൂലി ഓഫീസ് ചെലവിനത്തിൽ നൽകാൻ നിർദ്ദേശിച്ചിരിക്കുകയാണ്. കേരളത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് തൊഴിൽ നിയമനം കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ തൊഴിൽ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചു കൊണ്ട് തസ്തികകൾ വെട്ടിക്കുറക്കാനും അത് വഴി സിവിൽ സർവീസിനെ ദുർബലപ്പെടുത്താനുമുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ല.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായുള്ള ഇത്തരം നിലപാടുകൾ സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അഡ്വ. കെ പി ബിനൂപ് അധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ കെ സമദ്, ടി കെ രാജൻ മാസ്റ്റർ, അജയ് ആവള, ശ്രീജിത്ത് മുടപ്പിലായി, കെ കെ മോഹൻദാസ് എന്നിവർ സംസാരിച്ചു.
സംഘടനാരേഖ അഭിജിത്ത് കോറോത്ത് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എ ടി റിയാസ് അഹമ്മദ് (പ്രസിഡന്റ് ), അഭിജിത്ത് കോറോത്ത് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. എൻ അനുശ്രീ, സി കെ ബിജിത്ത് ലാൽ, ധനേഷ് കാരയാട് (ജോയിൻ്റ് സെക്രട്ടറിമാർ), ശ്രീജിത്ത് പി പി, അനു കൊമേരി, റിജേഷ്‌കുമാർ വി (വൈസ് പ്രസിഡന്റുമാർ) എന്നിവരുൾപ്പെടെ പതിമൂന്നംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.