Thursday, November 21, 2024
spot_imgspot_img
HomeKeralaദ്വീപ് ജനതയുടെ യാത്രാദുരിതം പരിഹരിക്കുക; അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ച് വിജയം

ദ്വീപ് ജനതയുടെ യാത്രാദുരിതം പരിഹരിക്കുക; അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ച് വിജയം

കൊച്ചി: ലക്ഷദ്വീപ് നിവാസികൾ നേരിടുന്ന യാത്രാദുരിതമടക്കമുള്ള ജീവിത പ്രതിസന്ധികൾ ഉന്നയിച്ച് എഐവൈഎഫ് പ്രവർത്തകർ നടത്തിയ പ്രക്ഷോഭം വിജയംകണ്ടു. കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിനു മുന്നിൽ നാട്ടിലേക്ക് മടങ്ങാനാവതെ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ കാണാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെയാണ് മാർച്ച് വിജയംകണ്ടത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് ഇന്നലെ എഐവൈഎഫ് നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു.

സിപിഐ കേന്ദ്ര സെക്രട്ടറിയറ്റം​ഗം ബിനോയ് വിശ്വം എംപി‌ മാർച്ച് ഉദ്ഘാടനം ചെയ്തു. വിദ്വേഷവും വിഭാ​ഗീയതയും പരത്തി ലക്ഷദ്വീപ് ജനതയെ ഭിന്നിപ്പിക്കാനാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോട പട്ടേൽ ശ്രമിച്ചതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ദേശീയ മുഖ്യധാരയിൽ നിന്നും ദ്വീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തെ കേരളവും ഇടതുപക്ഷവും ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്വീപിന്റെ ഭക്ഷ്യ സംസ്കരമടക്കം അട്ടിമറിക്കാനാണ് അഡ്മിനിസ്ട്രേറ്ററുടെ ശ്രമമെന്നും ബിനോയ് വിശ്വം ആരോപിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.

ലക്ഷദ്വീപ് സഹോദരങ്ങളുടെ ജീവിതം സംരക്ഷിക്കാൻ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. ചികിത്സക്കായി കൊച്ചിയിൽ എത്തിയവരുൾപ്പെടെ നിരവധി ലക്ഷദ്വീപു നിവാസികളാണ് കപ്പൽ സർവ്വീസ് അനുവദിക്കാത്തതിനെ തുടർന്ന് താമസമോ ഭക്ഷണമോ ഇല്ലാതെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിൽ അകപ്പെട്ടത്.

ഇതിനെല്ലാം എതിരെയായിരുന്നു എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാരോട് നേരിട്ട് സംസാരിക്കാൻ പോലും അഡ്മിനിസ്ട്രേഷൻ ഓഫീസർ തയ്യാറായില്ല. ഇതിനെ തുടർന്ന് എഐവൈഎഫ് ലക്ഷദ്വീപ് ഘടകം ഭാരവാഹികളായ എം പി ഹുസ്സുനുൽ ജംഹർ, കെ കെ നസീർ എന്നിവരുടെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഒഫീസർ അംഗിത് അഗർവാളിൻ്റെ വാഹനം തടഞ്ഞ് ഉപരോധിച്ചു. തുടർന്ന് അധികൃതർ ചർച്ച നടത്തുകയും പ്രശ്ന പരിഹാരം ഉടൻ ഉണ്ടാകുമെന്നും താമസവും ഭക്ഷണവും അടിയന്തിരമായി നൽകുമെന്നും ഉറപ്പ് നൽകുകയായിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares