കവരത്തി: കവരത്തി ഇന്ദിരാഗാന്ധി ആശുപത്രി അധികൃതരുടെ അനാസ്ഥ ഉയർത്തിക്കാട്ടിയതിന്റെ പേരിൽ എഐവൈഎഫ് നേതാവിനെ അറസ്റ്റ്ചെയ്ത് ലക്ഷദ്വീപ് പൊലീസ്. എഐവൈഎഫ് ലക്ഷദ്വീപ് പ്രസിഡന്റ് നസീറിനെയാണ് പൊലീസ് അനധികൃതമായി അറസ്റ്റ്ചെയ്തത്.
കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ അനാസ്ഥ ദ്വീപിലെ നിരവധി ഗർഭിണികളെ ദുരിതത്തിലാക്കിയിരിന്നു. കഴിഞ്ഞ കുറച്ച ആഴ്ചകളായി ഗൈനക്കോളജി ഡോക്ടറിന്റെ സേവനം ആശുപത്രിയിലെത്തുന്ന ഗർഭണികൾക്ക് കൃത്യമായി ലഭിച്ചിരുന്നില്ല.
നിലവിലുണ്ടായിരുന്ന ഗൈനക്കോളജി ഡോക്ടർ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് ആശുപത്രിയലെ പ്രവർത്തനം തടസ്സപ്പെട്ടത്. പകരം മറ്റൊരു ഡോക്ടറെ താൽക്കാലികമായി നിയമിക്കുന്നതിലടക്കം ആശുപത്രി അധികൃതർ വീഴ്ച വരുത്തി. കഴിഞ്ഞ ദിവസം പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു യുവതിയെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അവർക്ക് കൃത്യമായ ചികിത്സ നൽകുവാൻ ഡോക്ടറുടെ അഭാവത്തിൽ ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിനായില്ല. അതേ തുടർന്ന് യുവതിയുടെ ഭർത്താവ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഇടപെടൽ ഉറപ്പാക്കുന്നതിനായി എഐവൈഎഫ് ലക്ഷദ്വീപ് പ്രസിഡന്റ് നസീറിന്റെ സഹായംതേടി.
അതേതുടർന്ന് നസീറു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ഭർത്താവുമായി ലക്ഷദ്വീപ് മെഡിക്കൽ സെക്രട്ടറിയെ നേരിൽ കാണുന്നതിനായി സെക്രട്ടേറിയറ്റിലെത്തി. എന്നാൽ ഇവരെ മെഡിക്കൽ സെക്രട്ടറിയെ കാണുന്നതിൽ നിന്നും പൊലീസ് അവരെ വിലക്കുകയായിരുന്നു.
സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ച എഐവൈഎഫ് നേതാവ് നസീറിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു. പിന്നീട് എഐവൈഎഫിന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് അവധി പ്രവേശിപ്പിച്ചിരുന്ന ഡോക്ടറെ ആശുപത്രിയധികൃതർ തിരികെ വിളിച്ചുവരുത്തുകയും ലക്ഷദ്വീപ് പൊലീസ് അറസ്റ്റ് ചെയ്ത എഐവൈഎഫ് പ്രസിഡന്റ് നസീറിനെ വിട്ടയക്കുകയും ചെയ്തു.