തൃശൂർ: കുഞ്ഞു ജാനകിയുടെ ഇത്തിരി പൊന്നും വയനാടിന്. വയനാട് ദുരിതബാധിതർക്ക് 10 വീട് വച്ച് നൽകാൻ എഐവൈഎഫ് നടത്തുന്ന ധനസമാഹരണ ക്യാമ്പയിനിലേക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ടി പി സുനിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം നവ്യ ദമ്പതികളുടെ മകൾ നിലാര ജാനകിയുടെ സ്വർണ്ണ കമ്മൽ കൈമാറി. ജില്ലാസെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കൂടാതെ എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ ഒരു ദിവസത്തെ വേതനവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുവാനും തീരുമാനിച്ചു.
വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 10 കുടുംബത്തിന് ആദ്യഘട്ടത്തിൽ എഐവൈഎഫ് വീടുകളാണ് പണിയുന്നത്. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും എഐവൈഎഫ് സംസ്ഥാന സംസ്ഥാന പ്രസിഡൻ്റ് എൻ. അരുണും സെക്രട്ടറി ടി ടി ജിസ്മോനും അറിയിച്ചു. എഐവൈഎഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചു കൊണ്ട് വീട് നിർമ്മാണത്തിനായുളള പണം കണ്ടെത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.