തിരുവനന്തപുരം: വര്‍ഗീയതയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ കാൽനട ജാഥയുമായി എഐവൈഎഫ്. ഏപ്രില്‍ 23 മുതല്‍ മെയ് 7 വരെ സംസ്ഥാന കാല്‍നട ജാഥകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന രണ്ട് ജാഥകളും തൃശൂരില്‍ സമാപിക്കും.
തെക്കൻ മേഖല ജാഥയുടെ ക്യാപ്റ്റൻ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ ആണ്. വടക്കന്‍ മേഖല ജാഥയെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുൺ നയിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ജാഥകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
നരേന്ദ്ര മോദി സർക്കാരിന്റെ ഭരണം ഇന്ത്യയെ ഏറ്റവും വലിയ സാമ്പത്തിക-സാമൂഹിക അസമത്വങ്ങളിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. തോഴിലില്ലായ്‌മ അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്നു. ന്യൂനപക്ഷങ്ങളും അടിസ്ഥാന ജനവിഭാഗവും നിരന്തരം വേട്ടയാടപ്പെടുന്നു. ജനത നേരിടുന്ന ഒരു പ്രശ്നത്തിനും മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യുന്നവരെ ദേശ ദ്രോഹികൾ ആക്കി ജയിലിൽ അടയ്ക്കുന്നു.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വൻകിട കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തു. രാജ്യം പട്ടിണിയിലും അരക്ഷിതാവസ്ഥയിലും നീറുമ്പോൾ, വർഗീയത പ്രചരിപ്പിച്ചു ജനത്തെ ഭിന്നിപ്പിച്ചു നിർത്തി വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ബിജെപി. ഈ അവസ്ഥയെ ചെറുത്തു തോൽപ്പിക്കേണ്ട ഉത്തരവാദിത്തം പുരോഗമന രാഷ്ട്രീയം പേറുന്ന ഓരോ യുവാക്കൾക്കുമുണ്ട്.
വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ ശക്തമായ പ്രചാരണവുമായാണ് കാൽനട ജാഥ സംഘടിപ്പിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനും പ്രസിഡന്റ് എൻ അരുണും പ്രസ്താവനയിൽ പറഞ്ഞു.