പെരുമ്പാവൂർ: പീഡന കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് രംഗത്ത്. പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ എംഎൽഎയുടെ കോലം കത്തിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് വിതാൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് രമേശ് ചന്ദ് ഉദ്ഘാടനം നിർവഹിച്ചു.
സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗം രാജേഷ് കാവുങ്കൽ, എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം അജാസ് മാളിയം, ജില്ലാ കമ്മിറ്റിയംഗം ടി എസ് സുധീഷ് എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. അൻസാർ അലി, കെ ടി ശ്രീജേഷ്, അനൂജ് എം കൃഷ്ണൻ, ബിനു പി ജോൺ, വിനു നാരായണൻ എന്നിവർ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നൽകി.
പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എംഎൽഎ ഇപ്പോൾ ഒളിവിൽ. എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് രംഗത്തെത്തിയതോടെയാണ് എംഎൽഎ ഒളിവിൽ പോയത്. കേസുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. എംഎൽഎയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവിൽ എംഎൽഎക്കെതിരെ കേസെടുത്തിരിക്കുന്നത്.