തിരുപ്പതി: മെയ് 15 മുതൽ 18 വരെ ആന്ധ്രയിലെ തിരുപ്പതിയിൽ ചേർന്ന എഐവൈഎഫ് 17ാം ദേശീയ സമ്മേളനം സമാപിച്ചു. ബിഹാറിൽ നിന്നുള്ള റോഷൻ കുമാർ സിൻഹയെ ദേശീയ പ്രസിഡണ്ടായും പഞ്ചാബിൽ നിന്നുള്ള സുഖ്ജിന്ദർ സിംഗ് മഹേശ്വരി യെ ദേശീയ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
കേരളത്തിൽ നിന്നുള്ള ടി ടി ജിസ്മോനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തു .2015 ലെ വഡോദര സമ്മേളനം തൊട്ട് കഴിഞ്ഞ 10 വർഷക്കാലം ദേശീയ ജനറൽ സെക്രട്ടറിയായി സംഘടനയെ നയിച്ച ആർ തിരുമലൈ ചുമതലയിൽ നിന്നും ഒഴിഞ്ഞു.

24 സംസ്ഥാനങ്ങളിൽ നിന്നായി 670 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ നിരവധി വിഷയങ്ങൾ സംബന്ധിച്ചുള്ള ചർച്ചകളും സംവാദങ്ങളും ഉണ്ടായി. തിരഞ്ഞെടുപ്പ് പരിഷ്കരണം ,ദുരഭിമാനക്കൊല ക്കെതിരെ പ്രത്യേക നിയമനിർമ്മാണം ,ഭീകരവാദത്തിനെതിരെ ലോക യുവതയുടെ ഐക്യം ,കേന്ദ്ര ഗവൺമെൻറിൻറെ ജുഡീഷ്യറിയെ ദുർബലപ്പെടുത്താനുള്ള നടപടികൾ , എന്നീ വിഷയങ്ങളിൽ ഉൾപ്പെടെ നിരവധി പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു .
തിരഞ്ഞെടുപ്പ് പരിഷ്കരണം ഉൾപ്പെടെ ഉയർത്തികൊണ്ട് രാജ്യത്തെ മുഴുവൻ പ്രദേശങ്ങളും സന്ദർശിക്കുന്ന രണ്ട് ലോംഗ് മാർച്ചുകൾ കൂടി സംഘടിപ്പിക്കണമെന്ന് തീരുമാനമെടുത്താണ് സമ്മേളനം പിരിഞ്ഞത് .