400 സീറ്റ് ചോദിച്ച നരേന്ദ്ര മോദിയെ 250 സീറ്റിൽ ഒതുക്കാൻ സാധിച്ചത് ജനാധിപത്യത്തിന് വേണ്ടി പോരാടിയ പ്രതിപക്ഷത്തിന്റെ വലിയ നേട്ടമാണെന്ന് എഐവൈഎഫ് ദേശീയ പ്രസിഡന്റ് സുഖ്ജിന്ദർ മഹേശരി. രാമക്ഷേത്രം പണിത യുപിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു, കലാപം അഴിച്ചുവിട്ട മണിപ്പൂരിലും തോറ്റു. കർഷകരേയും യുവാക്കളേയും വഞ്ചിച്ച ബിജെപിയെ ജനങ്ങൾ പാഠം പഠിപിച്ചെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഎഫ് സംസ്ഥാന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാണ് നമ്മുടേത്. എന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ യുവാക്കൾ തൊഴിലില്ലായ്മ അനുഭവിക്കുന്ന രാജ്യവും നമ്മുടേതാണ്. ബിജെപി നമ്മുടെ രാജ്യത്തെ തൊഴിൽ മേഖല തകർത്തു തരിപ്പണമാക്കി, അഗ്നിവീർ പോലുള്ള പദ്ധതികളിലൂടെ സൈനിക മേഖലയിൽ പോലും അഴിമതി നടത്തി. പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകി. ഖനികളും വിമാന താവളങ്ങളും അദാനിക്ക് വിറ്റു. എന്നിട്ട് ഹിന്ദു-മുസ്ലിം വിഭജനതത്തിലൂടെ ജയിക്കാൻ ശ്രമിച്ചു.
ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ നിഷ്കാസനം ചെയ്ത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. അക്ഷരാർത്ഥത്തിൽ എൻഡിഎ സർക്കാർ ജനങ്ങളെ അതിദാരിദ്ര്യത്തിലേക്ക് ചവിട്ടി താഴ്ത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് എന്നും രാജ്യത്തിന്റെ മതനിരപേക്ഷ-ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സംഘടനയാണ്. യുവാക്കളുടെ വലിയ പോരാട്ടങ്ങളുടെ ചരിത്രമുണ്ട് നമ്മുടെ സംഘടനയ്ക്ക്. ഭഗത് സിങ് നാഷണൽ എംപ്ലോയിമെന്റ് ഗ്യാരണ്ടി ആക്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് നമ്മൾ വലിയ പോരാട്ടം തുടരുകയാണ്. കേരളം പല കാര്യങ്ങളിലും ഇന്ത്യക്ക് മാതൃകയാണ്. അത് തുടരണം. ബിജെപിയുടെ ഹിന്ദു സ്നേഹം നുണയാണ്. സംഘകപരിവാർ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച ഗോവിന്ദ് പൻസാരെ ഹിന്ദുവായിരുന്നു എന്ന് മറക്കരുത്. ആർഎസ്എസിന്റെ മതരാഷ്ട്രവാദം ചെറുത്തുതോൽപ്പിക്കാൻ സന്ധിയില്ലാ സമരം നടത്തണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പതാക ഉയർത്തി.പതിനാല് ജില്ലകളിൽ നിന്നുമായി 160 പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കുന്നതിനായി കുമളിയിൽ എത്തിചേർന്നിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പ്രവർത്തന പരിപാടി അവതരിപ്പിക്കും. തുടർന്ന് ‘കല,സാഹിത്യ സംസ്കാരം,യുവത്വം’ എന്ന വിഷയത്തിൽ കുരീപ്പുഴ ശ്രീകുമാർ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
30 ന് രാവിലെ 9 ന് റവന്യു മന്ത്രി കെ രാജൻ പ്രതിനിധികളുമായി മുഖാമുഖം നടത്തും. തുടർന്ന് 10 ന് ‘പരിസ്ഥിതിയും വികസനവും മാർക്സിയൻ കാഴ്ചപ്പാടുകളും’ എന്ന വിഷയത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദും 11 ന് ‘ഫാസിസ്റ്റ് കാലത്തെ ജനാധിപത്യ ഇന്ത്യയും അരാഷ്ട്രീയ വത്കരണവും പോരാട്ടവും പ്രതിരോധവും’ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടവും ക്ലാസ്സുകൾ നയിക്കും. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ, എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്, വാഴൂർ സോമൻ എം എൽ എ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിക്കും. തുടർന്ന് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു ചർച്ചകളുടെ ക്രോഡീകരണം നടക്കും.
വൈകിട്ട് 3.30 ന് ശില്പ ശാല സമാപിക്കും.