Thursday, November 21, 2024
spot_imgspot_img
HomeKeralaആവേശമാണ് ഓരോ പാർട്ടി സമ്മേളനങ്ങളും; പോരാട്ടങ്ങൾ തുടരാം

ആവേശമാണ് ഓരോ പാർട്ടി സമ്മേളനങ്ങളും; പോരാട്ടങ്ങൾ തുടരാം

ടി ടി ജിസ്മോൻ (എഐവൈഎഫ് സംസ്ഥാന സെക്രട്ടറി)

ന്ത്യയെന്ന ലോകത്തെ ഏറ്റവും വലിയ മതേതര-ജനാധിപത്യ റിപ്പബ്ലിക്കിനെ കാവി പുതപ്പിക്കാനുള്ള ശ്രമങ്ങൾ കൊടുമ്പിരി കൊള്ളുന്ന സമയത്താണ് സിപിഐയുടെ 24-ാം പാർട്ടി കോൺഗ്രസും അതിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനങ്ങളും നടക്കുന്നത്.

ഇന്ത്യ എന്ന മഹത്തായ ആശയത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കാവി ഭീകരതയ്ക്ക് എതിരെ മതേതര-ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പൊരുതേണ്ട സമയമാണിത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കെട്ടകാലത്ത് നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം, സംഘപരിവാറിന് എതിരെയും ന്യൂനപക്ഷ വർഗീയതയ്ക്ക് എതിരെയും പോരാടാൻ ജനാധിപത്യ വിശ്വാസികൾക്ക് ഊർജം നൽകുന്നതാകും.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവും പൊറുതിമുട്ടിക്കുന്ന ഏത് സമയത്ത് വേണമെങ്കിലും മത ഭ്രാന്തൻമാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടാൻ സാധ്യതയുള്ള ‘പുതിയ’ ഇന്ത്യയിലാണ് നമ്മൾ ജീവിക്കുന്നത്. അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നത് വർഗീയതയുടെ കാർമേഘങ്ങളാണ്. എങ്ങും വിദ്വേഷത്തിന്റെ മുറവിളികൾ. ഒരിക്കലും കാണാത്തവിധം നമ്മുടെ രാജ്യം അസ്വസ്ഥതയുടെ കമ്പളം എടുത്തു പുതച്ചിരിക്കുന്നു.

ഇന്ത്യയിൽ മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വർഗീയത വിരിയാതിരിക്കുന്നതിന് പ്രധാന കാരണം ഇടത്പക്ഷം കാണിക്കുന്ന നിതാന്ത ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ്. സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും രാഷ്ട്രീയം ഉയർത്തുന്ന സിപിഐയുടെ 24-ാം പാർട്ടി കോൺഗ്രസിൽ സംഘപരിവാറിനെയും പോപ്പുലർ ഫ്രണ്ട് പോലുള്ള ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങളെയും നേരിടാനുള്ള ശക്തമായ രാഷ്ട്രീയ പ്രഖ്യാപനങ്ങളുണ്ടാകും.

കേരളത്തിൽ ബ്രാഞ്ച് തലം മുതൽ നടന്ന സമ്മേളനങ്ങളിൽ സഖാക്കൾ ഉയർത്തിയ ആവേശം സിപിഐയ്ക്ക് വലിയ ഊർജം നൽകിയിരിക്കുന്നു. കീഴ് ഘടകങ്ങളുടെ സമ്മേളനങ്ങൾ മുതൽ എഐവൈഎഫ് സമ്മേളനങ്ങളെ ഭംഗിയാക്കി.

സമ്മേളന നടത്തിപ്പ് തങ്ങളുടെ ഉത്തരവാദിത്തമായി സ്വയം ഏറ്റെടുത്ത എഐവൈഎഫ് സഖാക്കൾ, അങ്ങേയറ്റം ആത്മാർത്ഥതയോടെയാണ് കാര്യങ്ങൾ നിറവേറ്റിയത്. അക്കാര്യത്തിൽ, എഐവൈഎഫിന്റെ ഓരോ സഖാവിനെയും സംസ്ഥാന കൗൺസിലിന് വേണ്ടി അഭിവാദ്യം ചെയ്യുന്നു.

പാർട്ടി ഘടകങ്ങളിൽ അമ്പത് വയസ്സിന് താഴെയുള്ള നാൽപ്പത് ശതമാനം പേർ ഉൾപ്പെടണം എന്ന പാർട്ടിയുടെ തീരുമാനം പുതിയ ഊർജം നൽകുന്നതാണ്. വിദ്യാർത്ഥി,യുവജന വിഭാഗങ്ങളിൽ നിന്ന് കൂടുതൽപേർ പാർട്ടിയിലെത്തുമ്പോൾ, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അത് വലിയ മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല. മുതിർന്ന സഖാക്കളുടെ അനുഭവ പരിചയവും യുവത്വത്തിന്റെ പ്രസരിപ്പും പാർട്ടിക്ക് എന്നും ആവേശകരമായ രീതിയിൽ ചടുലത നൽകും. പതിനഞ്ച് ശതമാനം സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്നത് മറ്റൊരു വലിയ ചുവടുവയ്പ്പാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനങ്ങൾ എന്നും യുവജന,വിദ്യാർത്ഥി പ്രവർത്തകർക്ക് ആവേശമാണ്. ഇടത് ആശയത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുന്ന സെമിനാറുകൾ, ചർച്ചകൾ, സാംസ്‌കാരിക സമ്മേളനങ്ങൾ, പൊതു സമ്മേളനത്തിലെ ആവേശം, റെഡ് വോളന്റിയർ മാർച്ചുകൾ പകർന്നു തരുന്ന പോരാട്ട വീര്യം…ഒരിക്കലും മറക്കാത്ത കാലമാണ് പാർട്ടി സമ്മേളന കാലഘട്ടം. ഒരു സംസ്ഥാന സമ്മേളനത്തിന് കൂടി കൊടി ഉയരുമ്പോൾ, മാറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ സഖാക്കൾക്കും എഐവൈഎഫിന്റെ സ്നേഹാഭിവാദ്യങ്ങൾ…

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares