കേരളത്തിന് അർഹതപ്പെട്ട ജലം നേടിയെടുക്കുന്നതിനും അവ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനും കേരളം ജാഗ്രത കാണിക്കണമെന്ന് എഐവൈഎഫ്. കാവേരി നദീജല കരാറിൽ സുപ്രീംകോടതി വിധി പ്രകാരം കേരളത്തിലെ 30 ടി എം സി ജലമാണ് ലഭിക്കേണ്ടത്. ഈ ജലം ഉപയോഗിക്കുന്നതിന് കേരളത്തിലെ കബനി, പാലക്കാട് ഭവാനി,പാമ്പാർ എന്നീ നദിതടങ്ങളിൽ പദ്ധതികൾ കൊണ്ടുവരണം. അതിനു സാധ്യമല്ലെങ്കിൽ സുപ്രീംകോടതി വിധിപ്രകാരമുള്ള 30 ടിഎംസി ജലത്തിന് കേരളത്തിന് അർഹത ഇല്ലാതെപോകും. ഇത് ഭാവി കേരളത്തിന് പ്രവചനാതീതമായ വലിയ നഷ്ടം ഉണ്ടാകുമെന്നും എഐവൈഎഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിലെ മഴനിഴൽ പ്രദേശങ്ങളായ ചിന്നാർ, അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളിൽ കുടിവെള്ളത്തിനും കൃഷിക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കും. നിലവിൽ കുടിവെള്ളക്ഷാമം നേരിടുന്ന കേരളത്തിൽ ജലജീവൻ മിഷൻ നടപ്പാക്കുന്നതോടെ ആവശ്യമായ ജനം ലഭിക്കാതെ വരും. കേരള രൂപീകരണത്തിന് മുമ്പ് തിരുകൊച്ചി മദ്രാസ് സർക്കാറുകൾ ഒപ്പുവെച്ചതും പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ 128 ഗ്രാമപഞ്ചായത്തുകൾക്കും 10 മുനിസിപ്പാലിറ്റികൾക്കും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പറമ്പിക്കുളം ആളിയാർ കരാർ പുതുക്കുന്നതിനും ഇടപെടൽ ഉണ്ടാവണം. അന്തർ സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥത തലത്തിൽ വൻ അഴിമതിയും പല ഘട്ടങ്ങളിലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാടിന്റെ ബഡ്ജറ്റിൽ കേരളത്തിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി ഇനത്തിൽ കോടികൾ മാറ്റിവെക്കാറുണ്ടെന്ന് പലപ്പോഴും വാർത്തയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭാവി കേരളത്തിന്റെ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ഗൗരവകരമായി ഇടപെടണമെന്ന് കുമളിയിൽ ചേർന്ന എഐവൈഎഫ് സംസ്ഥാന ശില്പശാല പ്രമേയത്തിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.