തിരുവനന്തപുരം: ലോക ചാമ്പ്യൻമാർക്ക് ആതിഥേയത്വം വഹിക്കാനുള്ള സുവർണാവസരം നിരസിച്ച് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. ഫുട്ബോളിനെ സ്നേഹിക്കുന്ന രാജ്യത്തെ ജനങ്ങൾ കാത്തിരുന്ന ആവേശപോരാട്ടത്തിനാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ കൈയ്യിൽ ഫണ്ടില്ല എന്ന കാരണത്താൽ ചുവപ്പ് കാർഡ് കാണിച്ചിരിക്കുന്നത്.
ലയണൽ മെസ്സിയുടെ അർജന്റീനയുമായുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പോരാടാനുറച്ച താരങ്ങൾക്കും കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകർക്കുമെതിരാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. ലോക രാജാക്കൻമാർ ഇന്ത്യയോട് മത്സരിക്കാൻ തയ്യാറായി മുന്നോട്ട് വരുമ്പോൾ കേന്ദ്ര കായിക മന്ത്രാലയവും ഇത് കണ്ടില്ല കേട്ടില്ല എന്ന് നടിച്ചിരിക്കുകയാണ്.
140 കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യൻ കായിക രംഗം ഇന്ന് നേരിടുന്ന തകർച്ചക്ക് പ്രധാനകാരണം ബിജെപി സർക്കാരിന്റെ കെടുകാര്യസ്ഥത ഒന്നു കൊണ്ട് തന്നെയാണ്. ലോക ഫുട്ബോൾ റാങ്കിങ്ങിൽ 100 ന് ഉള്ളിൽ വരാൻ ഇന്ത്യക്ക് ഇതുവരെ ആയിട്ടില്ല. ചിട്ടയായ പരിശീലനം ലഭ്യമാക്കേണ്ട കായിക മന്ത്രാലയം എന്തോക്കെയോ ചെയ്യുന്നുണ്ടെന്ന് വരുത്തി തീർക്കുകയാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പറഞ്ഞു.