തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യ സർവകലാശാലകളെ പരവതാനിവിരിച്ച് ആനയിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയാണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്.
സ്വകാര്യ സർവകലാശാല കരട് ബില്ലിന് അംഗീകാരം നൽകിയ മന്ത്രി സഭ നടപടി ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.
കച്ചവടത്തിന്റെ രീതി ശാസ്ത്രം പിന്തുടരുന്ന സ്വകാര്യ സർവകലാ ശാലകൾ ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുകയും
വാണിജ്യ താത്പര്യങ്ങള്‍ക്കനുസൃതമായി അടിച്ചേല്‍പ്പിക്കപ്പെട്ട അരാഷ്ട്രീയവത്കരണത്തിന്റെ ഇരകളായി വിദ്യാർത്ഥികളെ മാറ്റുകയുമാണ് ചെയ്യുന്നത്.
സ്വകാര്യ നിക്ഷേപകർക്ക് പരമാവധി ലാഭം കൊയ്യാനുള്ള താവളമായി ഉന്നതവിദ്യാഭ്യാസ മേഖലയെ പരിവർത്തിപ്പിക്കാനാണ് നീക്കമെങ്കിൽ അത്തരം പ്രവണതകളെ എന്ത് വില കൊടുത്തും ചെറുത്ത് തോല്പിക്കുമെന്നും ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു.