കല്പറ്റ: വയനാട്ടിലെ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച പ്രാഥമിക തുകയിൽ നിന്ന് പണം പിടിച്ച ബാങ്കുകൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ്. ഗ്രാമീൺ ബാങ്ക്, ബജാജ് ഫിനാൻസ്, ലീഡ് ബാങ്കായ കാനറാ ബാങ്ക് എന്നിവയുടെ കല്പറ്റയിലെ ശാഖകളിലാണ് എഐവൈഎഫ് ഉപരോധം ഏർപ്പെടുത്തിയത്.
മനസാക്ഷിയില്ലാത്ത ബാങ്കുകളുടെ ക്രൂരതയ്ക്കെതിര ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വയനാട്ടിലെ ദുരിതബാധിതർക്കൊപ്പം അവസാന ഘട്ടം വരെ നിലയുറപ്പിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും വ്യക്തമാക്കി. ദുരന്തഭൂമിയിൽ പോലും ഇത്തരം മനുഷ്യത്വ വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന ബാങ്കുകളുടെ മറ്റ് ശാഖകൾക്കു മുന്നിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.